സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്ന കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ആഭ്യന്തര ലീഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിനേയും 17 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിം പെയ്‌നാണ് ടീമിനെ നയിക്കുക. മൈക്കല്‍ നെസറാണ് ടീമിലെ പുതുമുഖം. 

ആഗസ്റ്റ് ഒന്നിനാണ് ആഷസ് തുടങ്ങുന്നത്. പേസര്‍ ജയിംസ് പാറ്റിന്‍സണ്‍ 2016ന് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. അഞ്ച് പേസര്‍മാരെയാണ് ഓസീസ് ടീമിലെടുത്തത്. നഥാന്‍ ലിയോണ്‍ മാത്രമാണ് ടീമിലെ ഏക സ്പിന്നര്‍. ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇല്ലാതിരുന്നു ജോഷ് ഹേസല്‍വുഡ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

ഓസീസ് ടീം: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്, ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ്, മാത്യൂ വെയ്ഡ്, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷാഗ്നെ, മൈക്കല്‍ നെസര്‍, പാറ്റ് കമ്മിന്‍സ്, മാര്‍കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്.