മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ഓസീസ് ബൗളിംഗ് ഇതിഹാസം ഷെയ്ന്‍ വോണ്‍. വിരാട് കോലി ഇല്ലാത്ത ഇന്ത്യയെ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസീസ് പിച്ചിച്ചീന്തുമെന്ന് വോണ്‍ പറഞ്ഞു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായതിന്‍റെ ഞെട്ടലില്‍ നിന്ന്  ഇന്ത്യ ഇപ്പോഴും മുക്തരായിട്ടില്ലെന്നും വോണ്‍ ഫോക്സ് ക്രിക്കറ്റിനോട് വ്യക്തമാക്കി.

വിരാട് കോലിയില്ലെങ്കിലും ഇന്ത്യക്ക് ചില ക്ലാസ് കളിക്കാരുണ്ട്. കെ എല്‍ രാഹുലിനെയും യുവതാരം ഗില്ലിനെയും രഹാനെയും പൂജാരയെയും പോലെ. പൂജാരക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇതൊക്കെയാണെങ്കിലും മെല്‍ബണില്‍ ഓസീസ് ഇന്ത്യയെ പിച്ചിച്ചീന്തുമെന്നാണ് ഞാന്‍ കരുതുന്നത്.

ബൗളിംഗില്‍ മുഹമ്മദ് ഷമിയുടെ നഷ്ടം ഇന്ത്യക്ക് കനത്ത പ്രഹരമാണ്. മെല്‍ബണിലെ ഡ്രോപ്പ് ഇന്‍ പിച്ചില്‍ ഷമി അപകടകാരിയാവുമെന്ന് ഉറപ്പായിരുന്നു. അഡ്‌ലെയ്ഡില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിമര്‍ശിക്കുന്നതിനൊപ്പം ഓസീസ് പേസ് നിരയുടെ കരുത്തും അഭിനന്ദിക്കപ്പെടേണ്ടതാണ്.

പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും അടങ്ങുന്ന ബൗളിംഗ് നിരക്ക് ഓസീസിന്‍റെ എക്കാലത്തെയും മികച്ച ബൗളിംഗ് ആക്രമണനിരയാവാനുള്ള കരുത്തുണ്ടെന്നും വോണ്‍ പറഞ്ഞു. 26നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് മെല്‍ബണില്‍ തുടക്കമാവുക.