മെല്‍ബണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് 247 റണ്‍സിന്റെ കൂറ്റന്‍ ജയം. 488 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 240 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ ടോം ബ്ലണ്ടല്‍(121) മാത്രമെ കിവീസിനായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയുള്ളു.

ഹെന്‍റി നിക്കോള്‍സ്(33), ബി ജെ വാള്‍ട്ടിംഗ്(22), മിച്ചല്‍ സാന്റ്നര്‍(27) എന്നിവരാണ് കിവീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്‍മാര്‍. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് അടുത്ത മാസം മൂന്നിന് സിഡ്നിയില്‍ നടക്കും.
സ്കോര്‍ ഓസ്ട്രേലിയ 467, 168/5, ന്യൂസിലന്‍ഡ് 148, 240. ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡാണ് കളിയിലെ കേമന്‍.

നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്ത് ഓസീസ് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ കിവീസ് തുടക്കത്തിലെ പതറി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെയും(0), റോസ് ടെയ്‌ലറുടെയും(2) പ്രകടനം കിവീസ് ആരാധകരെ ഒരിക്കല്‍ കൂടി നിരാശരാക്കി.

ടോം ലാഥമിനെ(8) വീഴ്ത്തി പാറ്റിന്‍സണനാണ് കിവീസ് തകര്‍ച്ചക്ക് തുടക്കമിട്ടത്. കിവീസ് മധ്യനിര നേഥന്‍ ലിയോണിന്റെ സ്പിന്നിന് മുന്നില്‍ വീണതോടെ പോരാട്ടം പോലുമില്ലാതെ ന്യൂസിലന്‍ഡ് മുട്ടുമടക്കി. ഓസീസിനായി ലിയോണ്‍ നാലും പാറ്റിന്‍സണ്‍ മൂന്നും വിക്കറ്റെടുത്തു.