ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 45.2 ഓവറില്‍ 225ന് എല്ലാവരും പുറത്തായി. ഇമാം ഉള്‍ ഹഖ് (103) പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടി. ആഡം സാംപ നാല് വിക്കറ്റെടുത്തു.

ലാഹോര്‍: ഓസ്‌ട്രേലിയക്കെതിരായ (PAK vs AUS) ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് 88 റണ്‍സിന്റെ തോല്‍വി. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 45.2 ഓവറില്‍ 225ന് എല്ലാവരും പുറത്തായി. ഇമാം ഉള്‍ ഹഖ് (103) പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടി. ആഡം സാംപ നാല് വിക്കറ്റെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ട്രാവിസ് ഹെഡിന്റെ (101) സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബെന്‍ മക്‌ഡെര്‍മോട്ട് (55) മികച്ച പ്രകടനം പുറത്തെടുത്തു. സാഹിദ് മഹ്‌മൂദ്, ഹാരിസ് റൗഫ് എന്നിവര്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീതം നേടി. 

ഇമാമിന് പുറമെ ബാബര്‍ അസമാണ് (57) പാക് നിരയില്‍ തിളങ്ങിയ താരം. സ്്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് ഫഖര്‍ സമാനെ (18) നഷ്ടമായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ബാബര്‍- ഇമാം സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അസമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മിച്ചല്‍ സ്വെപ്‌സണ്‍ ഓസീസിന് ബ്രേക്ക് ത്രൂ നില്‍കി. പിന്നീടെത്തിയവരില്‍ ആര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. 

സൗദ് ഷക്കീല്‍ (3), മുഹമ്മദ് റിസ്‌വാന്‍ (10), ഇഫ്തിഖര്‍ അഹമ്മദ് (2), ഖുഷ്ദില്‍ ഷാ (19), ഹാസന്‍ അലി (2), മുഹമ്മദ് വസീം (0), ഹാരിസ് റൗഫ് എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇതിനിടെ ഇമാം സെഞ്ചുറി പൂര്‍ത്തിയാക്കി. 96 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഇമാമിന്റെ ഇന്നിംഗ്‌സ്. ഇമാമിനെ നതാന്‍ എല്ലിസ് ബൗള്‍ഡാക്കുകയായിരുന്നു. സഹിദ് മഹ്‌മൂദ് (0) പുറത്താവാതെ നിന്നു. സാംപയ്ക്ക് പുറമെ സ്വെപ്‌സണ്‍്, ട്രാവിസ് ഹെഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ടി20 ശൈലിയില്‍ ഹെഡാണ് (Travids Head) ഓസീസിനെ മിക്ച്ച സ്‌കോറിലക്ക് നയിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം (Aaron Finch) 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ 23 റണ്‍സ് മാത്രമായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. ഫിഞ്ചിനെ പുറത്താക്കി സാഹിദ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് മക്‌ഡെര്‍മോട്ടിനൊപ്പം 71 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഹെഡ് മടങ്ങിയത്. 72 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. ഇഫ്തിഖര്‍ അഹമ്മദാണ് ഹെഡിനെ തിരിച്ചയച്ചത്.

തുടര്‍ന്നെത്തിയവരില്‍ മര്‍നസ് ലബുഷെയ്ന്‍ (25), മര്‍കസ് സ്‌റ്റോയിനിസ് (26), അലക്‌സ് ക്യാരി (4), സീന്‍ അബോട്ട് (14) കാര്യമായ സംഭാവന ചെയ്യാതെ മടങ്ങി. കാമറൂണ്‍ ഗ്രീനാണ് (30 പന്തില്‍ പുറത്താവാതെ 40) സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്. സീന്‍ അബോട്ടാണ് (14) പുറത്തായ മറ്റൊരു താരം. നതാന്‍ എല്ലിസ് (3) പുറത്താവാതെ നിന്നു. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തെ മത്സരമാണിത്. ശേഷിക്കുന്ന രണ്ട് ഏകദിനവും പിന്നീട് നടക്കുന്ന ഏക ടി20 മത്സരവും ലാഹോറിലാണ് നടക്കുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര ഓസീസ് സ്വന്തമാക്കിയിരുന്നു.