സിഡ്‌നി: ഓസ്‌ട്രേലിയന്‍ കാട്ടുതീ ബാധിതരെ സഹായിക്കാന്‍ ധനസമാഹരണത്തിനായി സംഘടിപ്പിക്കുന്ന ചാരിറ്റി ക്രിക്കറ്റ് മത്സരത്തില്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കോ‌ട്‌നി വാല്‍ഷും പരിശീലകരാകും. റിക്കി പോണ്ടിംഗും ഷെയ്‌ന്‍ വോണുമാണ് ടീമുകളെ നയിക്കുന്നത്. ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോയും നിലവിലെ പരിശീലകന്‍ ജസ്‌റ്റിന്‍ ലാംഗറും നിര്‍ണായക റോളുകളില്‍ ടീമുകള്‍ക്കൊപ്പമുണ്ടാകും. 

ഓസ്‌ട്രേലിയയില്‍ ഒരുപാട് നേട്ടങ്ങള്‍ കൊയ്‌ത സച്ചിനെയും വാല്‍ഷിനെയും വീണ്ടും രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. ഇരുവരുടെയും വരവിനായി ഏറെ കാത്തിരിക്കാനാവില്ല എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് കെവിന്‍ റോബര്‍‌ട്ട്‌സ് വ്യക്തമാക്കി. മത്സരത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ പങ്കെടുപ്പിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ശ്രമംനടത്തിവരികയാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ സമീപിച്ചിട്ടുണ്ട്.

അണിനിരക്കുക ഇതിഹാസ നിര

ഫെബ്രുവരി എട്ടിന് ബിഗ് ബാഷ് ലീഗ് ഫൈനലിന് മുന്നോടിയാണ് ഇതിഹാസ താരങ്ങളുടെ മത്സരം അരങ്ങേറുന്നത്. പോണ്ടിംഗും വോണും നയിക്കുന്ന ടീമില്‍ ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്‌ന്‍ വാട്‌സണ്‍ അടക്കമുള്ളവര്‍ അണിനിരക്കും. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും 'ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ റിലീഫ് ആന്‍ഡ് റിക്കവറി ഫണ്ടി'ന് കൈമാറും. ദുരന്തബാധിത പ്രദേശങ്ങളിലെ ക്രിക്കറ്റ് ക്ലബുകളെ സഹായിക്കാന്‍ രണ്ട് മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ബോര്‍ഡ് ഇതിനകം നീക്കിവെച്ചിട്ടുണ്ട്. 

ദശലക്ഷക്കണക്കിന് ഏക്കര്‍ പ്രദേശത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 29 പേര്‍ക്ക് ജീവന്‍ നഷ്‌ടമാവുകയും 2000ലധികം വീടുകള്‍ തകരുകയും ചെയ്തു. ദശലക്ഷക്കണക്കിന് മൃഗങ്ങളും ജീവജാലങ്ങളും ഭുമുഖത്തുനിന്ന് അപ്രത്യക്ഷമായി. 2019 സെപ്റ്റംബറിലാണ് കാട്ടുതീ ആരംഭിച്ചത്.