സിഡ്‌നി: ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ റിക്കി പോണ്ടിംഗും ഷെയ്‌ന്‍ വോണും വീണ്ടും പാഡണിയുന്നു. ദശലക്ഷക്കണക്കിന് ഏക്കര്‍ വനപ്രദേശത്ത് പടര്‍ന്നുപിടിച്ച ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ ദുരന്തബാധിതരായ ആളുകളെ സഹായിക്കാന്‍ പണം കണ്ടെത്താനുള്ള ചാരിറ്റി മാച്ചിലാണ് ഓസീസ് ഇതിഹാസങ്ങള്‍ വീണ്ടും മൈതാനത്തെത്തുക. പോണ്ടിംഗും വോണും നയിക്കുന്ന ടീമില്‍ ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, ജസ്റ്റിന്‍ ലാംഗര്‍, മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്‌ന്‍ വാട്‌സണ്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ അണിനിരക്കും. 

ഫെബ്രുവരി എട്ടിനാണ് മത്സരം നടക്കുക. അന്നേദിനം ലഭിക്കുന്ന എല്ലാ തുകയും 'ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ റിലീഫ് ആന്‍ഡ് റിക്കവറി ഫണ്ടി'ലേക്കാണ് പോവുക. കാട്ടുതീ അണയ്‌ക്കുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിക്കും. ഫെബ്രുവരി എട്ടിന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. ചാരിറ്റി ക്രിക്കറ്റ് മാച്ച് കൂടാതെ ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വനിതാ ടി20ക്കും ബിഗ് ബാഷ് ലീഗ് ഫൈനലിനും അന്നേദിവസം ഓസ്‌ട്രേലിയ വേദിയാവും. 

ഓസ്‌ട്രേലിയയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള മികച്ച മാതൃകകളിലൊന്നാണ് ഇതെന്ന് സംശയമില്ല. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളെടുത്തേ പൂര്‍ത്തിയാക്കാനാകൂ. അതിനായി തങ്ങള്‍ക്ക് കഴിയുന്നയത്ര സഹായം നല്‍കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രമെന്നും സിഇഒ കെവിന്‍ റോബര്‍ട്ട്‌സ് വ്യക്തമാക്കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സമൂഹം 4000 ദിനങ്ങള്‍ ചിലവഴിക്കുമെന്നും അദേഹം വ്യക്തമാക്കി. 

റെക്കോര്‍ഡ് തുകയ്‌ക്ക് ബാഗി ഗ്രീന്‍ ക്യാപ്പ് ലേലം ചെയ്‌ത് വോണ്‍

ദശലക്ഷക്കണക്കിന് ഏക്കര്‍ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയെ മെരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തന്റെ വിഖ്യാതമായ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തിന് വെച്ചിരുന്നു ഓസീസ് ലെഗ് സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ലേലവസ്‌തു എന്ന നേട്ടത്തോടെ 528,514 പൗണ്ടിനാണ് വോണിന്‍റെ ബാഗി ഗ്രീന്‍ ക്യാപ്പ് ലേലം ചെയ്തത്. 

ഡോണ്‍ ബ്രാഡ്‌മാന്‍റെ ടെസ്റ്റ് ക്യാപ്(2003)-170,000 പൗണ്ടിനും 2011ലെ ലോകകപ്പ് ഫൈനലില്‍ ധോണി ഉപയോഗിച്ച ബാറ്റ്(2011)-100,000 പൗണ്ടിനും ലേലം ചെയ്തതാണ് വോണിന്‍റെ തൊപ്പി മറികടന്നത്.