ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ 2003 ലോകകപ്പിനിടെ വോണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിനുശേഷം കൂടുതല്‍ കരുത്തോടെയാണ് താന്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തിയതെന്ന് വോണ്‍ പറ‌ഞ്ഞു.

സിഡ്നി: ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും തിരിച്ചെത്തിയാല്‍ ഓസ്ട്രേലിയക്ക് ലോകകപ്പ് നിലനിര്‍ത്താനാവുമെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇരുവര്‍ക്കും ലഭിച്ച വിലക്ക് ലോകകപ്പില്‍ ഓസീസിന് ചിലപ്പോള്‍ അനുഗ്രഹമായേക്കമെന്നും വോണ്‍ പറഞ്ഞു.

ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ 2003 ലോകകപ്പിനിടെ വോണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിനുശേഷം കൂടുതല്‍ കരുത്തോടെയാണ് താന്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തിയതെന്ന് വോണ്‍ പറ‌ഞ്ഞു. അതുപോലെ തിരിച്ചുവരുന്ന വാര്‍ണര്‍ക്കും സ്മിത്തിനും ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ ഒരുപാട് കാര്യങ്ങള്‍ തെളിയിക്കാനുണ്ടാകും. ഒരുവര്‍ഷത്തെ വിലക്ക് കഴിഞ്ഞ് കൂടുതല്‍ ഉന്‍മേഷത്തോടെയാവും ഇരുവരും തിരിച്ചെത്തുന്നത്. റണ്ണിനായുള്ള ദാഹവും ഇരുവര്‍ക്കുമുണ്ടാകും.

അതുകൊണ്ടുതന്നെ ഇരുവരും തിരിച്ചുവരുന്നതോടെ ഓസ്ട്രേലിയക്ക് ലോകകപ്പ് നിലനിര്‍ത്താനുള്ള അവസരമൊരുങ്ങുമെന്നും വോണ്‍ പറഞ്ഞു. തിരിച്ചുവരുമ്പോള്‍ ആദ്യത്തെ കുറച്ചു മത്സരങ്ങളില്‍ അവര്‍ക്ക് പരിഭ്രമമുണ്ടാകും. എങ്കിലും ഏതാനും മത്സരങ്ങളോടെ അത് മാറും. പിന്നീടുള്ള അവരുടെ കളി കാണാനായി താനും കാത്തിരിക്കുകയാണെന്നും വോണ്‍ പറഞ്ഞു. മുന്‍ ഓസീസ് നായകനും ടീമിന്റെ ബാറ്റിംഗ് പരിശീലകനുമായ ഷെയ്ന്‍ വോണും വോണിന്റെ അതേ അഭിപ്രായം പങ്കുവെച്ചിരുന്നു.