അഡ്‌ലെയ്ഡ്: ഡേ നൈറ്റ് ടെസ്റ്റുകളില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്ന ഓസ്ട്രേലിയയുടെ പതിവ് ഇത്തവണ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തെറ്റി. 19 വര്‍ഷം മുമ്പ് ടെസ്റ്റില്‍ 16 തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡുമായെത്തിയ സ്റ്റീവ് വോയുടെ ഓസീസിനെ  പിടിച്ചുകെട്ടിയത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമായിരുന്നു. ഇപ്പോഴിതാ ഡേ നൈറ്റ് ടെസ്റ്റുകളില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിഎതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഓസീസിന്‍റെ പതിവ് തെറ്റിച്ചിരിക്കുന്നത് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമും.

ഇന്ത്യയെ 244 റണ്‍സിന് പുറത്താക്കിയപ്പോള്‍ വമ്പന്‍ ലീഡിനിയി ക്രീസിലിറങ്ങിയ ഓസീസിനെ 191 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു. ഇതുവരെ കളിച്ച ഡേ നൈറ്റ് ടെസ്റ്റുകളില്‍ ആദ്യമായാണ് ഓസീസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാതിരിക്കുന്നത്. ഇതിന് മുമ്പ് കളിച്ച ഏഴ് ഡേ നൈറ്റ് ടെസ്റ്റുകളിലും ഓസീസ് 22, 124, 287, 215, 179, 287 , 250 എന്നിങ്ങനെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.

അഡ്‌ലെയ്ഡില്‍ ഇതുവരെ കളിച്ച 79 ടെസ്റ്റുകളില്‍ ഇത് ആറാം തവണ മാത്രമാണ് ഓസീസ് 200 കടക്കാതെ പുറത്താവുന്നത്. 1992ല്‍ ഇന്ത്യക്കെതിരെ  ആയിരുന്നു ഇതിന് മുമ്പ് ഓസ്ട്രേലിയ അഡ്‌ലെയ്ഡില്‍ 200ന് താഴ പുറത്തായത്. അന്ന് ഒന്നാം ഇന്നിംഗ്സില്‍ 145 റണ്‍സിന് പുറത്തായെങ്കിലും ഓസീസ് മത്സരം ജയിച്ചു. അഡ്‌ലെയ്ഡ് ടെസ്റ്റിന്‍റെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 62 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.