മുംബൈ: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് വെടിക്കെട്ട് തുടക്കം. 256 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ച് (55), ഡേവിഡ് വാര്‍ണര്‍ (58) എന്നിവരാണ് ക്രീസില്‍. പന്തെടുത്ത പേസര്‍മാര്‍ എല്ലാവരും അടിമേടിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 255ന് എല്ലാവരും പുറത്താവുകയായിരുന്നു. ശിഖര്‍ ധവാന്‍ (74), കെ എല്‍ രാഹുല്‍ (47) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. 

40 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. ഫിഞ്ച് എട്ട് ഫോറും ഒരു സിക്‌സും നേടി. ഷാര്‍ദുള്‍ ഠാകൂര്‍ മൂന്ന് ഓവറില്‍ 32 റണ്‍സാണ് വഴങ്ങിയത്. നേരത്തെ, രോഹിത് ശര്‍മ, ധവാന്‍, രാഹുല്‍ എന്നിവരെ ഒരുമിച്ച് ഇറക്കിയാണ് ഇന്ത്യ ഇറങ്ങിയത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ മൂന്നാം നമ്പര്‍ സ്ഥാനം രാഹുലിന് കൊടുക്കേണ്ടി വന്നു. എന്നാല്‍ ആ സ്ഥാനത്ത് കോലി പരാജയമാവുന്ന കാഴ്ചയാണ് കണ്ടത്. 

മികച്ച തുടക്കത്തിന് ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. ഒരുഘട്ടത്തില്‍ ഒന്നിന് 134 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്‌നിര മുട്ടുമടക്കുകയായിരുന്നു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത്തിനെ (10) നഷ്ടമായി. സ്റ്റാര്‍ക്കിന്റെ പന്തില്‍ മിഡ്ഓഫില്‍ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാച്ച്. പിന്നാലെ ഒത്തുച്ചേര്‍ന്ന ധവാന്‍- രാഹുല്‍ സഖ്യം ഇന്ത്യക്ക് തുണയായി. ഇരുവരും 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുലിനെ ഷോര്‍ട്ട് കവറില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ച് അഷ്ടണ്‍ അഗര്‍ ബ്രേക്ക് ത്രൂ നല്‍കി. 

ആറ് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത് ധവാനും പവലിയനില്‍ തിരിച്ചെത്തി. 91 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.  കോലി നന്നായി തുടങ്ങിയെങ്കിലും അധികനേരം മുന്നോട്ട് പോവാനായില്ല. ആഡം സാംപയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. ശ്രേയസ് അയ്യര്‍ (4) സ്റ്റാര്‍ക്കിന്റെ പേസിന് മുന്നില്‍ കീഴടങ്ങി. ഋഷഭ് പന്ത് (28)- രവീന്ദ്ര ജഡേജ (25) കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ബ്രേക്ക്ത്രൂ നല്‍കി. ജഡേജയെ റിച്ചാര്‍ഡ്‌സണ്‍ മടക്കുകയായിരുന്നു. ഇരുവരും 49 റണ്‍സ് കൂട്ടിച്ചര്‍ത്തു. പന്താവട്ടെ കമ്മിന്‍സിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഷാര്‍ദുല്‍ ഠാകൂര്‍ (13) സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു.  

വാലറ്റത്ത് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി (10)- കുല്‍ദീപ് യാദവ് (17) എന്നിവരാണ് സ്‌കോര്‍ 250 കടത്തിയത്. ജസ്പ്രീത് ബുംറ (0) പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സ്, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടും  സാംപ, അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.