സതാംപ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 40 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ഇന്ന് ജയിച്ചാല്‍ ആതിഥേയര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ആദ്യ ഓവറില്‍ തന്നെ ഓസീസിന് ഒന്നാം വിക്കറ്റ് നഷ്ടമായി. ജോഫ്ര ആര്‍ച്ചരുടെ മൂന്നാം പന്തില്‍ ഡേവിഡ് വാര്‍ണര്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ അലക്‌സ് ക്യാരിയെ (2) മാര്‍ക്ക് വുഡ് മടക്കിയയച്ചു. അഞ്ചാx ഓവറിന്റെ അവസാന പന്തില്‍ സ്റ്റീവന്‍ സ്മിത്തും (10)  മടങ്ങിയതോടെ ഓസീസിന് ആഗ്രഹിച്ച തുടക്കം ലഭിച്ചില്ല. പിന്നീട് വന്ന മാര്‍കസ് സ്റ്റോയിനിസ് (35)- ഫിഞ്ച് സഖ്യമാണ് ഓസീസിന് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും 49 കൂട്ടിച്ചേര്‍ത്തു. 

അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങിയെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ (26), ആഷ്ടടണ്‍ അഗര്‍ (23), പാറ്റ് കമ്മിന്‍സ് (പുറത്താവാതെ 13) എന്നിവര്‍ ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് (2) കമ്മിന്‍സ് പുറത്താവാതെ നിന്നു.  ജോര്‍ദാന് പുറമെ ആര്‍ച്ചര്‍, വുഡ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.