പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സ് നേടിയത്. 70 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഓസീസിനായി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ഓസീസ് ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

റീസ ഹെന്‍ഡ്രിക്‌സ് (14), ഫാഫ് ഡു പ്ലെസിസ് (15), റാസി വാന്‍ ഡെര്‍ ഡസ്സന്‍ (37) എന്നിവരുടെ വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഡേവിഡ് മില്ലര്‍ (11), പീറ്റ് വാന്‍ ബില്‍ജോന്‍ (7) എന്നിവര്‍ പുറത്താവാതെ നിന്നു. 47 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ ഒന്നിന് 60 എന്ന ശക്തായി നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഇതിലും മികച്ച സ്‌കോറും പ്രതീക്ഷിച്ചിരുന്നു. 

എന്നാല്‍ മധ്യനിര താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാതെ പോയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 160ല്‍ താഴെ അവസാനിച്ചു. റിച്ചാര്‍ഡ്‌സണിന് പുറമെ പാറ്റ് കമ്മിന്‍സ്, ആഡം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.