സിഡ്നി: ഇന്ത്യക്കെതിരെ സിഡ്നി ടെസ്റ്റില്‍ ഓസീസ് സുരക്ഷിത നിലയില്‍. മഴ രസംകൊല്ലിയായെത്തിയ ആദ്യദിനം 55 ഓവറുകള്‍ മാത്രമെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയിലാണ് ആതിഥേയര്‍. മാര്‍നസ് ലബുഷെയ്നും (67) സ്റ്റീവ് സ്മിത്തുമാണ് (31) ക്രീസില്‍. അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്സ്‌കിയും (62) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി മുഹമ്മദ് സിറാജും നവ്ദീപ് സൈനിയുമാണ് വിക്കറ്റ് വീഴ്ത്തിയത്. 

ആദ്യ സെഷനില്‍ മഴക്കളി

സിഡ്നിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ആശ്വാസം സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ തിരിച്ചുവരവായിരുന്നു. വാര്‍ണര്‍ക്ക് പങ്കാളിയായി എത്തിയത് 22 വയസ് മാത്രമുള്ള അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്സ്‌കി. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ മഴ രസംകൊല്ലിയായെത്തി. 7.1 ഓവര്‍ എറിഞ്ഞ് നില്‍ക്കേ മഴ കളി മുടക്കിയെങ്കിലും ഇതിനിടെ ഓസ്ട്രേലിയക്ക് ആദ്യ പ്രഹരം നല്‍കിയിരുന്നു ഇന്ത്യ. 

വാര്‍ണര്‍ക്ക് സിറാജ് പൂട്ട് 

പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായ ശേഷമായിരുന്നു സിഡ്നിയില്‍ വാര്‍ണര്‍ ഇറങ്ങിയത്. അഡ്ലെയ്ഡിലും മെല്‍ബണിലും ഇടറിയ ഓപ്പണിംഗ് സഖ്യം കൂട്ടിയിണക്കാന്‍ വാര്‍ണറുടെ വരവോടെ കഴിയും എന്നായിരുന്നു ഓസീസ് പ്രതീക്ഷ. എന്നാല്‍ വാര്‍ണറെ കാലുറയ്ക്കും മുമ്പ് സിറാജ് പായിച്ചു. തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഡ്രൈവിന് ശ്രമിച്ച വാര്‍ണര്‍(5) എഡ്ജായി സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ ഭദ്രം. ഈസമയം വെറും ആറ് റണ്‍സ് മാത്രമേ ഓസീസ് അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ. 

'ഭാഗ്യ'താരം പുകോവ്സ്‌കി

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പുകോവ്സ്‌കി-ലബുഷെയ്ന്‍ സഖ്യം ഓസീസിനെ കരകയറ്റി. ലബുഷെയ്ന്‍ കരുലതോടെ തുടങ്ങിയപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു പുകോവ്സ്‌കിയുടെ മുന്നേറ്റം. പുകോവ്സ്‌കിയെ 26ല്‍ നില്‍ക്കേ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൈവിട്ടിരുന്നു. 32ല്‍ നില്‍ക്കേ മറ്റൊരു അവസരവും പന്ത് പാഴാക്കി. 38ല്‍ നില്‍ക്കേ റണ്‍ ഔട്ടാക്കാനുള്ള അവസരം ബുമ്ര പാഴാക്കി. സെയ്നിയെ ബൗണ്ടറി കടത്തി 97 പന്തില്‍ പുകോവ്സ്‌കി കന്നി ഇന്നിംഗ്സില്‍ ഫിഫ്റ്റി തികച്ചു. പിന്നാലെ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി.

സൈനിക്ക് കന്നി വിക്കറ്റ് 

എന്നാല്‍ 35-ാം ഓവറിലെ രണ്ടാം പന്തില്‍ പുകോവ്സ്‌കിയെ എല്‍ബിയില്‍ കുടുക്കി നവ്ദീപ് സൈനി. അരങ്ങേറ്റ മത്സരം കളിക്കുന്ന സൈനിയുടെ കന്നി വിക്കറ്റായിരുന്നു ഇത്. അരങ്ങേറ്റക്കാരന്റെ വിക്കറ്റ് മറ്റൊരു അരങ്ങേറ്റക്കാരന്‍ വീഴ്ത്തുന്ന അപൂര്‍വത കൂടിയായി ഇത്. സിറാജ് എറിഞ്ഞ 43-ാം ഓവറില്‍ ബൗണ്ടറിലൂടെ അര്‍ധ സെഞ്ചുറി പിന്നിട്ട ലബുഷെയ്ന്‍ മുന്നേറുകയാണ്. നാലാമനായി ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് പരമ്പരയില്‍ ആദ്യമായി രണ്ടക്കം കണ്ടിട്ടുണ്ട്. 

രണ്ട് മാറ്റങ്ങളുമായി ഓസീസ്

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങിയത്. ബേണ്‍സിന് പകരം വാര്‍ണര്‍ ടീമിലെത്തി. ട്രാവിസ് ഹെഡിന് പകരമാണ് വില്‍ പുകോവ്‌സ്‌കി ടീമിലെത്തിയത്. 22കാരനായ പുകോവ്‌സ്‌കിയെ നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ പരിക്കേറ്റതിനെ തുര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാനായില്ല. കഴിഞ്ഞ രണ്ട് ടെസ്റ്റിലും ഓപ്പണറുടെ റോളിലെത്തിയ മാത്യൂ വെയ്ഡ് ഇത്തവ ഹെഡിന്റെ അഞ്ചാം നമ്പറില്‍ കളിക്കും.

രോഹിത്തും സൈനിയും ടീമില്‍

നേരത്തെ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മയെ ടീമിലെടുത്തു. ഐപിഎല്ലിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ദേശീയ ടീമില്‍ കളിക്കുന്നത്. പരിക്ക് കാരണം നിശ്ചിത ഓവര്‍ പരമ്പരകള്‍ രോഹിത്തിന് നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവ്ദീപ് സൈനി ടീമിലെത്തി. താരത്തിന്റെ അരങ്ങേറ്റമാണിത്.