ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുത്ത ഒരു നായകനെ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് തിവാരി ചോദിച്ചു.

കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക കളിക്കാന്‍ ഇന്ത്യൻ ടീമിലെ ചിലര്‍ താല്‍പര്യപ്പെടുന്നില്ലെന്ന് മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി. അവരാണ് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നിലെന്നും അവരിപ്പോള്‍ രോഹിത് പരാജയപ്പെടുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും മനോജ് തിവാരി ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. രോഹിത് പരാജയപ്പെട്ടാല്‍ അവര്‍ക്ക് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്ന് ആ കാരണം പറഞ്ഞ് ഒഴിവാക്കാനാവുമെന്നും തിവാരി വ്യക്തമാക്കി.

ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുത്ത ഒരു നായകനെ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് തിവാരി ചോദിച്ചു. രോഹിത് ഏകദിന ലോകകപ്പ് കളിക്കുന്നത് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല എന്നാണോ ഇതിനർത്ഥമെന്നും തിവാരി സംശയം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയില്ലായിരുന്നെങ്കിൽ, ന്യൂസിലൻഡിനെതിരായ പ്രകടനം മുൻനിർത്തി സെലക്ടർമാർ അദ്ദേഹത്തെ പുറത്താക്കുമായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും നടത്തിയ പ്രകടനത്തിലൂടെ താൻ ഇന്നും കരുത്തനാണെന്ന് രോഹിത് തെളിയിച്ചു. മൂന്ന് ഇരട്ട സെഞ്ചുറി നേടിയ രോഹിത്തിന് അർഹമായ ബഹുമാനം നൽകണമെന്നും മനോജ് തിവാരി പറഞ്ഞു.

ടീം ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫ് അംഗമായ റിയാൻ ടെൻ ഡോഷെറ്റെ രോഹിത്തിന്‍റെ ഫോമിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളെയും തിവാരി രൂക്ഷമായി വിമർശിച്ചു. രോഹിത്തിനൊപ്പം എന്നും പരിശീലനത്തിൽ ഏർപ്പെടുന്ന ഒരാൾ മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹത്തിന്‍റെ ഫോമിനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഇത് താരത്തിന് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കും. പുറത്തുള്ളവർ വിമർശിക്കുന്നത് പോലെയാകരുത് സപ്പോർട്ട് സ്റ്റാഫിന്‍റെ പെരുമാറ്റം. ബാറ്റ്‌സ്മാൻമാർ ഓഫ് സ്റ്റംപിന് പുറത്തുവരുന്ന പന്തുകൾ വിട്ടു കളയുന്നതുപോലെ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സപ്പോർട്ട് സ്റ്റാഫും പഠിക്കണം. ഇത്തരം ആളുകള്‍ സംസാരിക്കുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കുന്നതാമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത്, പ്രത്യേകിച്ചും ആദ്യ ഏകദിനത്തില്‍, രോഹിത് പണ്ടത്തെപ്പോലെ അനായാസമായിട്ടല്ല ബാറ്റ് ചെയ്തതെന്നും പരമ്പരകൾക്കിടയിൽ മത്സരങ്ങൾ കളിക്കാത്തത് അദ്ദേഹത്തിന് വെല്ലുവിളിയാകുമെന്നും ഡോഷെറ്റെ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക