മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസീസ്. അഡ്‌ലെയ്ഡില്‍ ജയിച്ച ആദ്യ ടെസ്റ്റിലെ ടീമിനെ തന്നെ രണ്ടാം ടെസ്റ്റിലും നിലനിർത്തുമെന്ന് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു. ആദ്യ ടെസ്റ്റിനുള്ള ടീമിനെ തന്നെ നിലനിര്‍ത്തുമെന്ന് ഇത്തവണ എനിക്ക് ധൈര്യമായി പറയാനാവും. അല്ലെങ്കില്‍ രണ്ടാം ടെസ്റ്റിന് മുമ്പ് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കണം-ലാംഗര്‍ പറഞ്ഞു.

ജോ ബേണ്‍സ്, മാത്യു വേയ്ഡ്, മാ‍ർനസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥാന്‍ ലയോണ്‍, ഹെയ്‌സല്‍വുഡ്‌ എന്നിവരാണ് ഓസീസിന്‍റെ ഇലവനിലുണ്ടാവുക.

മുഹമ്മദ് ഷമി, ക്യാപ്റ്റന്‍ വിരാട് കോലിഎന്നിവരുടെ അഭാവം ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്നതായും ലാംഗര്‍ പറഞ്ഞു. ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന് ജയിച്ച ഓസീസ് നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്.

മെൽബണിലും ആദ്യ ദിവസം മുതൽ ആക്രമിച്ച് കളിക്കുമെന്നും ലാംഗർ വ്യക്തമാക്കി. പരുക്കിൽ നിന്ന് മുക്തനാവാത്ത ഡേവിഡ് വാർണർ ഇല്ലാതെയാണ് ഓസീസ് രണ്ടാം ടെസ്റ്റിലും കളിക്കുന്നത്.  രണ്ടാം ടെസ്റ്റ് കാണാനായി 30000 പേരെ ഗ്യാലറിയില്‍ പ്രവേശിപ്പിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. നേരത്തെ 25000 പേര്‍ക്കായിരുന്നു അനുമതി.