ഡാർവിനിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ പതറുന്നു. ഒന്നാം ഇന്നിംഗ്‌സിൽ 228 റൺസ് ലീഡ് വഴങ്ങിയ ഓസീസ്, രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത് ഇപ്പോഴും 67 റൺസ് പിന്നിലാണ്. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് ബൗളിംഗിൽ തിളങ്ങി.
ഡാര്‍വിന്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ലീഡ് തിരിച്ചുപിടിക്കാന്‍ ഓസ്‌ട്രേലിയ പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 228 റണ്‍സ് ലീഡ് വഴങ്ങിയ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 67 റണ്‍സ് പിറകിലാണ് ആതിഥേയര്‍. കാമറൂണ്‍ ഗ്രീന്‍ (43), അലക്‌സ് ക്യാരി (19) എന്നിവരാണ് ക്രീസില്‍. ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 198നെതിരെ ബംഗ്ലാദേശ് 426 റണ്‍സാണ് നേടിയത്. തന്‍സിദ് ഹസന്‍ തമീം (101), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (84), മെഹിദി ഹസന്‍ മിറാസ് (65) എന്നിവരാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഇന്ന് രണ്ടാം ഇന്നിംഗ്‌സിലും തകര്‍ച്ചയോടെയാണ് ഓസീസ് തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സ് മാത്രമുള്ളപ്പോള്‍ ജേക്ക് വെതര്‍ലാന്‍ഡ് (0), ട്രാവിസ് ഹെഡ് (17) എന്നിവരെ ഓസീസിന് നഷ്ടമായി. ഹസന്‍ മഹ്മൂദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ഇരുവരും. പിന്നാലെ മര്‍നസ് ലബുഷെയ്ന്‍ (31), സ്റ്റീവന്‍ സ്മിത്ത് (44) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് നഷ്ടമായി. നേരത്തെ, ആറിന് 351 എന്ന നിലയിലാണ് ബംഗ്ലാദേശ് മൂന്നാം ദിനം ക്രീസിലെത്തിയത്. ആദ്യം ഹസന്‍ മഹ്മൂദിന്റെ (14) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നാലെ തയ്ജുല്‍ ഇസ്ലാം (17), മെഹിദി ഹസന്‍ (65), ഇബാദത്ത് ഹുസൈന്‍ (7) എന്നിവരും മടങ്ങുകയായിരുന്നു. തസ്‌കിന്‍ അഹമ്മദ് (14) പുറത്താവാതെ നിന്നു.
തിളങ്ങിയത് സ്മിത്ത് മാത്രം
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി 71 റണ്‍സെടുത്ത മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് തിളങ്ങിയത്. 55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യന്‍ പേസര്‍ ഹസന്‍ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസന്‍ മഹ്മൂദിന് പുറമെ ടസ്‌കിന്‍ അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നല്‍കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണമാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്‍ഡും(23) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം നല്‍കിയശേഷമാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.
ജേക്ക് വെതറാള്‍ഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ തുടര്‍ച്ചയായ ഓവറുകളില്‍ മടക്കി ഹസന്‍ മഹ്മൂദാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മാര്‍നസ് ലബുഷെയ്ന്‍(1), കാമറൂണ്‍ ഗ്രീന്‍(13) എന്നിവര്‍ക്കും നിലയുറപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്‌കോറാണിത്. 2017ല്‍ മിര്‍പൂരില്‍ 217 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

