അതേസമയം ബിഗ് ബാഷ് ടി20 ലീഗിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമിലെടുത്തില്ല
സിഡ്‌നി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന- ടി20 ടീമുകളിലേക്ക് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തിരിച്ചുവിളിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. മാനസിക പിരിമുറുക്കംമൂലം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ശേഷം മാക്‌സി ദേശീയ കുപ്പായമണിയുന്നത് ഇതാദ്യമാണ്. അതേസമയം ബിഗ് ബാഷ് ടി20 ലീഗിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമിലെടുത്തില്ല.

ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി പുറത്തെടുത്ത പ്രകടനമാണ് മാക്‌സ്‌വെല്ലിന് തുണയായത്. സീസണില്‍ 43.22 ശരാശരിയില്‍ 389 റണ്‍സ് മാക്‌സ്‌വെല്‍ നേടിയിരുന്നു. എന്നാല്‍ ടീമില്‍ ഇടംലഭിക്കാതെ പോയ സ്റ്റോയിനിസ് 55.63 ശരാശരിയില്‍ 612 റണ്‍സാണ് ഇക്കുറി ബിഗ് ബാഷില്‍ അടിച്ചുകൂട്ടിയത്. പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റ് പുരസ്‌കാരം സ്റ്റോയിനിസായിരുന്നു. ആറ് മാസമായി അന്താരാഷ്‌ട്ര മത്സരങ്ങള്‍ സ്റ്റോയിനിസ് കളിച്ചിട്ടില്ല.

ഇന്ത്യന്‍ പര്യടനത്തിനിടെ പരിക്കേറ്റ് പുറത്തായ പേസര്‍ സീന്‍ അബോട്ട് ടി20 ടീമില്‍ തിരിച്ചെത്തി. മാത്യു വെയ്‌ഡ് ടി20 ടീമില്‍ തിരിച്ചെത്തിപ്പോള്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ഇരു സ്‌ക്വാഡിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഏകദിന അരങ്ങേറ്റം നടത്തിയ മാര്‍നസ് ലബുഷെയ്‌നെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ സ്‌പിന്നര്‍ നാഥന്‍ ലയണ്‍ പുറത്തായി. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഏകദിന- ടി20 ടീമുകളില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത് തുടങ്ങിയ സീനിയര്‍ താരങ്ങളുണ്ട്. ഓസീസിന്‍റെ പ്രോട്ടീസ് പര്യടനം ഫെബ്രുവരി 21ന് ആരംഭിക്കും.
ഏകദിന ടീം: ആരോണ്‍ ഫിഞ്ച്(നായകന്‍), അഷ്‌ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്‌ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്‌ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
ടി20 ടീം: ആരോണ്‍ ഫിഞ്ച്(നായകന്‍), സീന്‍ ആബോട്ട്, ആഷ്‌ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്‌ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
