മുംബൈ: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്രാ വിലക്ക് തുടരുമെന്നതിനാല്‍ ടീം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനവും ആശങ്കയില്‍. കൊവിഡിനെ തുടർന്ന് തങ്ങളുടെ അതിർത്തി അടച്ചിരിക്കുന്നത് തുടരാനാണ് ഓസ്ട്രേലിയന്‍ സർക്കാരിന്‍റെ നീക്കം എന്നതാണ് കാരണം. 

ത്രിരാഷ്ട്ര ടി20 പരമ്പരയോടെ ഒക്ടോബറില്‍ ആരംഭിക്കുന്ന ഓസീസ് പര്യടനം ഡിസംബർ വരെ നീണ്ടുനില്‍ക്കും. ഇതിനിടയില്‍ ഒക്ടോബർ 18 മുതല്‍ ടി20 ലോകകപ്പും ഓസ്ട്രേലിയയില്‍ ടീം ഇന്ത്യ കളിക്കണം. കൊവിഡ് നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തില്‍ ടി20 ലോകകപ്പ് നടക്കുമോ എന്നതും അനിശ്ചിതത്വത്തിലാണ്. ലോകകപ്പ് നീട്ടിവക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.

Read more: കെവിഡ് 19: ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ സാധ്യതയേറി

'ഇപ്പോള്‍ ഒന്നും പറയാനാവില്ല, പ്രതീക്ഷിക്കുന്ന യാത്രാ നിരോധനം മാത്രമാണ് ആറ് മാസം നീണ്ടുനില്‍ക്കുന്നത്. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ യാത്രാ വിലക്ക് ഓസ്ട്രേലിയ നേരത്തെ പിന്‍വലിക്കും' എന്നും ബിസിസിഐ ഉന്നതന്‍ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്‍തു. എന്നാല്‍ ആറ് മാസം വിലക്ക് തുടർന്നാല്‍ വിസയും ടിക്കറ്റും അടക്കമുള്ള യാത്രാ സൌകര്യങ്ങള്‍ ഒരുക്കുക ബുദ്ധിമുട്ടാകും എന്നും അദേഹം വ്യക്തമാക്കി. 

ലോകത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഇതിനകം 31,000ത്തിലേറെ പേർക്കാണ് ജീവന്‍ നഷ്ടമായത്. ആറ് ലക്ഷത്തിലധികം പേർ രോഗബാധിതരായി. ഓസ്ട്രേലിയയില്‍ 3,969 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 16 മരണം റിപ്പോർട്ട് ചെയ്തു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക