ടെസ്റ്റില്‍ തന്‍റെ 34-ാം ഇന്നിംഗ്‌സിലാണ് മാര്‍നസ് ലബുഷെയ്‌ന്‍ രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയത് 

അഡ്‌ലെയ്‌ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ ശരവേഗത്തില്‍ 2000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ മാര്‍നസ് ലബുഷെയ്‌ന്‍ (Marnus Labuschagne). അഡ്‌ലെയ്‌ഡില്‍ പുരോഗമിക്കുന്ന രണ്ടാം ആഷസ് (Ashes 2021-22) ടെസ്റ്റിനിടെയാണ് (Australia vs England 2nd Test) ലബുഷെയ്‌ന്‍ നാഴികക്കല്ല് പിന്നിട്ടത്. കരിയറിലെ 20-ാം ടെസ്റ്റിലാണ് താരത്തിന്‍റെ നേട്ടം. ഇതോടെ ഇതിഹാസ താരങ്ങളുള്ള പട്ടികയില്‍ ഇടംപിടിക്കാന്‍ ലബുഷെയ്‌നായി. 

തന്‍റെ 34-ാം ഇന്നിംഗ്‌സിലാണ് മാര്‍നസ് ലബുഷെയ്‌ന്‍ ടെസ്റ്റില്‍ രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച താരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ലബുഷെയ്‌നായി. 22 ഇന്നിംഗ്‌സില്‍ നേട്ടത്തിലെത്തിയ ഓസ്‌‌ട്രേലിയയുടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്‌മാനാണ് തലപ്പത്ത്. വിന്‍ഡീസിന്‍റെ ജോര്‍ജ് ഹെഡ്‌ലി(32 ഇന്നിംഗ്‌സ്), ഇംഗ്ലണ്ടിന്‍റെ ഹെര്‍ബ് സക്‌ലിഫ്(33 ഇന്നിംഗ്‌സ്), ഓസീസിന്‍റെ മൈക്കല്‍ ഹസി(33 ഇന്നിംഗ്‌സ്) എന്നിവരാണ് ലബുഷെയ്‌ന് മുന്നിലുള്ള മറ്റ് താരങ്ങള്‍. 

അഡ്‌ലെയ്‌ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റില്‍ ആദ്യ ദിനം പുരോഗമിക്കുമ്പോള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി മാര്‍നസ് ലബുഷെയ്‌ന്‍ കുതിക്കുകയാണ്. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കേ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ നഷ്‌മായ ഓസ്‌ട്രേലിയക്കായി രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 172 റണ്‍സ് കൂട്ടുകെട്ട് ലബുഷെയ്‌ന്‍ പടുത്തുയര്‍ത്തി. ടെസ്റ്റ് കരിയറില്‍ ലബുഷെയ്‌ന്‍റെ 12-ാം അര്‍ധ ശതകത്തിനാണ് അഡ്‌ലെയ്‌ഡ് ഓവല്‍ സാക്ഷിയായത്. 

Scroll to load tweet…

അഡ്‌ലെയ്‌ഡില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊവിഡ് സമ്പര്‍ക്കത്തിലായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്‌മിത്താണ് ഓസീസിനെ നയിക്കുന്നത്. മൈക്കല്‍ നെസറാണ് കമ്മിന്‍സിന്‍റെ പകരക്കാരന്‍. ഇംഗ്ലീഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സീനിയര്‍ താരങ്ങളായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ തിരിച്ചെത്തി. മാര്‍ക് വുഡ്, ജാക്ക് ലീച്ച് എന്നിവരാണ് പുറത്തായത്. സ്പിന്നര്‍മാരില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.

Pakistan vs West Indies : സഖ്‌ലൈനിന്‍റെ വെല്ലുവിളി; തോല്‍വി സമ്മതിച്ച് ബാബര്‍, അത്താഴവിരുന്നൊരുക്കണം- വീഡിയോ