കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന്‍റെ പാഡില്‍ പന്തുതട്ടി എന്ന് കരുതി ഓസീസ് താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് അംപയര്‍ പോള്‍ റെയ്‌ഫല്‍ എല്‍ബി നല്‍കിയതിലാണ് നാടകീയതകളുടെ ആരംഭം
സിഡ്‌നി: ആഷസ് നാലാം ടെസ്റ്റിന്‍റെ (Australia vs England 4th Test) മൂന്നാം ദിനം നാടകീയ രംഗങ്ങള്‍. ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്‍ ബെന്‍ സ്റ്റോക്‌സിനെ (Ben Stokes) എല്‍ബിയില്‍ അംപയര്‍ ഔട്ട് വിളിച്ചതും എന്നാല്‍ പന്ത് തട്ടിയത് സ്റ്റംപിലാണ് എന്ന് പിന്നീട് വ്യക്തമായതും ബെയ്‌ല്‍ ഇളകിയില്ല എന്നതുമാണ് നാടകീയത സൃഷ്‌ടിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂര്‍വ സംഭവങ്ങളിലൊന്നായി ഇത്.
സംഭവബഹുലം!
കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന്‍റെ പാഡില്‍ പന്തുതട്ടി എന്ന് കരുതി ഓസീസ് താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് അംപയര്‍ പോള്‍ റെയ്‌ഫല്‍ എല്‍ബി നല്‍കി. പന്ത് എവിടെയോ തട്ടുന്ന ശബ്‌ദം കേള്‍ക്കാമായിരുന്നു. എന്നാല്‍ അപകടം മണത്ത സ്റ്റോക്‌സ് ഉടനടി ഡിആര്‍എസ് എടുത്തു. പന്ത് പാഡിലല്ല, സ്റ്റംപിലാണ് തട്ടിയത് എന്ന് റിവ്യൂവില്‍ വ്യക്തമായി. അതേസമയം വിക്കറ്റിന്‍റെ ബെയ്‌ല്‍സ് ഇളകിയുമില്ല. ഇരു ടീമിലേയും താരങ്ങള്‍ക്ക് വലിയ അത്ഭുതമായി ഇത്. ബിഗ് സ്‌ക്രീനിലെ കാഴ്‌ചകള്‍ കണ്ട് പൊട്ടിച്ചിരിക്കുന്ന സ്റ്റോക്‌സിനെയാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണില്‍ കണ്ടത്.
ബാറ്റിംഗ് തുടര്‍ന്ന സ്റ്റോക്‌സാവട്ടെ 91 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുകളും സഹിതം 66 റണ്‍സ് നേടി. 70 പന്തില്‍ നിന്നായിരുന്നു ഈ പരമ്പരയിലെ ആദ്യ ഫിഫ്റ്റി സ്റ്റോക്‌സ് പൂര്‍ത്തിയാക്കിയത്. സ്‌പിന്നര്‍ നേഥന്‍ ലിയോണാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറെ പുറത്താക്കിയത്. ഒരവസരത്തില്‍ 36-4 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലായിരുന്ന ഇംഗ്ലണ്ടിനെ സ്റ്റോക്‌സ്-ബെയര്‍സ്റ്റോ സഖ്യം 164 റണ്‍സില്‍ എത്തിച്ച ശേഷമാണ് പിരിഞ്ഞത്.
സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം മൂന്നാം സെഷനില്‍ 218-6 എന്ന നിലയിലാണ്. 90 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയും 19 റണ്‍സെടുത്ത് മാര്‍ക്ക് വുഡുമാണ് ക്രീസില്‍. ഹസീബ് ഹമീദ്(6), സാക്ക് ക്രൗലി(18), ജോ റൂട്ട്(0), ഡേവിഡ് മലാന്‍(3) ബെന്‍ സ്റ്റോക്‌സ്(66), ജോസ് ബട്ട്‌ലര്‍(0) എന്നിവരാണ് പുറത്തായത്. നേരത്തെ, സെഞ്ചുറി നേടിയ ഉസ്‌മാന്‍ ഖവാജയുടെയും(137), അര്‍ധ ശതകം നേടിയ സ്റ്റീവ് സ്‌മിത്തിന്‍റേയും(67) കരുത്തില്‍ ഓസീസ് 416-8 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു.
SA vs IND : പരമ്പര പിടിക്കാന്‍ ഈ കളി പോരാ; മെച്ചപ്പെടുത്തേണ്ട മേഖലകള്‍ തുറന്നുപറഞ്ഞ് ദ്രാവിഡ്
