മികച്ച സ്‌കോര്‍ നേടാനാകാതെ പോയ ബാറ്റര്‍മാരുടെ പേര് രാഹുല്‍ ദ്രാവിഡ് പരാമര്‍ശിച്ചില്ല

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (India Tour of South Africa 2021-22 ) ടെസ്റ്റ് പരമ്പരയില്‍ സെഞ്ചൂറിയനില്‍ ചരിത്ര ജയവുമായാണ് ടീം ഇന്ത്യ തുടങ്ങിയത്. എന്നാല്‍ വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ (South Africa vs India 2nd Test) പരാജയമേറ്റുവാങ്ങി. ഇതോടെ പരമ്പര വിജയികളെ നിശ്ചയിക്കുന്ന കേപ്‌ ടൗണ്‍ ടെസ്റ്റിലേക്ക് (Newlands Test) ആരാധകരുടെ കണ്ണുകള്‍ നീളുകയാണ്. കേപ് ടൗണില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങും മുമ്പ് ചില മേഖലകളില്‍ ടീം മാറ്റം വരുത്തേണ്ടതുണ്ട് എന്ന് തുറന്നുസമ്മതിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid). 

'കുറച്ച് വെല്ലുവിളികള്‍ നിറഞ്ഞ പിച്ചായിരുന്നു ആദ്യ രണ്ട് ടെസ്റ്റിലും. എങ്കിലു മികച്ച പ്രകടനം പുറത്തെടുത്തതില്‍ ക്രഡിറ്റ് ബാറ്റ്സ്‌മാന്‍മാര്‍ക്കുണ്ട്. എന്നാല്‍ പാര്‍ട്‌ണര്‍ഷിപ്പുകള്‍ ലഭിക്കുമ്പോള്‍ അതിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നതിലും ശ്രദ്ധയൂന്നേണ്ടതുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 60-70 റണ്‍സ് കൂടുതല്‍ വേണമായിരുന്നു. അത് മത്സരത്തില്‍ കാര്യമായ മാറ്റം വരുത്തുമായിരുന്നു. ബാറ്റിംഗ് മെച്ചപ്പെടുത്തല്‍ തുടരേണ്ടതുണ്ട്. നല്ല തുടക്കം ബാറ്റര്‍മാര്‍ വമ്പന്‍ സ്‌കോറുകളാക്കി മാറ്റേണ്ടതുണ്ട്. ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ ശതകം നേടിയപ്പോള്‍ ഇന്ത്യ ജയിച്ചു. രണ്ടാം മത്സരത്തില്‍ ഡീന്‍ എല്‍ഗാര്‍ 96 നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയും'- ദ്രാവിഡ് ഓര്‍മ്മിപ്പിച്ചു. 

എന്നാല്‍ മികച്ച സ്‌കോര്‍ നേടാനാകാതെ പോയ ബാറ്റര്‍മാരുടെ പേര് ദ്രാവിഡ് പരാമര്‍ശിച്ചില്ല. വാണ്ടറേഴ്‌‌സിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ കെ എല്‍ രാഹുലും(50) രണ്ടാം ഇന്നിംഗ്‌സില്‍ അജിങ്ക്യ രഹാനെയും(58) ചേതേശ്വര്‍ പൂജാരയും(53) അര്‍ധ സെഞ്ചുറി നേടിയെങ്കിലും വമ്പന്‍ സ്‌‌കോറിലെത്താനായില്ല. 

കേപ് ടൗണിൽ ചൊവ്വാഴ്‌ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് തുടക്കമാവുക. കേപ് ടൗണിൽ ജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്ക തിരിച്ചുവരികയായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു പ്രോട്ടീസ് ജയം. 

വാണ്ടറേഴ്‌സില്‍ നാലാം ദിനം ആദ്യ രണ്ട് സെഷനുകളും പൂര്‍ണമായും മഴ കൊണ്ടുപോയെങ്കിലും അവസാന സെഷനില്‍ വിജയലക്ഷ്യമായ 240 റണ്‍സ് ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ അടിച്ചെടുത്തു. 96 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. റാസി വാന്‍ഡര്‍ ഡസ്സന്‍(40), ടെംബാ ബാവുമ(23) എന്നിവരും നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. സ്കോര്‍: ഇന്ത്യ- 202, 266, ദക്ഷിണാഫ്രിക്ക- 229, 243-3.

Manjrekar backs Rishabh : 'പ്രതിരോധിക്കാനുമറിയാം'; റിഷഭ് പന്തിന് ശക്തമായ പിന്തുണയുമായി മഞ്ജരേക്കര്‍