അഡ്‌ലെയ്ഡില്‍ പകല്‍- രാത്രി ടെസ്റ്റില്‍ 468 റണ്‍സ് വിജലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് (England) നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 82 എന്ന നിലയില്‍ പതറുകയാണ്.
അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ (Ashes Series) രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ (Australia) വിജയത്തിലേക്ക്. അഡ്‌ലെയ്ഡില്‍ പകല്‍- രാത്രി ടെസ്റ്റില്‍ 468 റണ്‍സ് വിജലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് (England) നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 82 എന്ന നിലയില്‍ പതറുകയാണ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 473നെതിരെ 236ന് പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 237 റണ്‍സ് ലീഡാണ് സന്ദര്‍ശകര്‍ വഴങ്ങിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസ് ഒമ്പതിന് 230 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് റോറി ബേണ്‍സ് (34), ഹസീബ് ഹമീദ് (0), ഡേവിഡ് മലാന്‍ (20), ജോ റൂട്ട് (24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജേ റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ബെന്‍ സ്‌റ്റോക്‌സാണ് ക്രീസിലുള്ള താരം. പിങ്ക് പന്തില്‍ ഒരു ദിനം ശേഷിക്കെ ഓസീസ് ബൗളര്‍മാരെ അതിജീവിക്കുക എളുപ്പമാവില്ല.
നേരത്തെ 51 റണ്‍സ് വീതം നേടിയ മര്‍നസ് ലബുഷെയന്‍, ട്രാവിഡ് ഹെഡ് എന്നിവരാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ 200 കടത്തിയത്. കാമറൂണ്‍ ഗ്രീന്‍ 33 റണ്‍സുമായി പുറത്താവാതെ നിന്നു. ഡേവിഡ് വാര്‍ണ്‍ (13), മാര്‍കസ് ഹാരിസ് (23), മൈക്കല്‍ നെസര്‍ (3), സ്റ്റീവന്‍ സ്മിത്ത് (6), അലക്‌സ് ക്യാരി (6), സ്റ്റാര്‍ക്ക് (19), റിച്ചാര്‍ഡ്‌സണ്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മലാന്‍, റൂട്ട്, ഒല്ലി റോബിന്‍സണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ മലാന്‍ (80), റൂട്ട് (62), സ്‌റ്റോക്‌സ് (34) എന്നിവരൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. സ്റ്റാര്‍ക്ക് നാലും നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ഓസീസിന് ഒന്നാം ഇന്നിംഗ്‌സില്‍ ലബുഷെയ്ന്‍ (103), ഡേവിഡ് വാര്‍ണര്‍ (95), സ്റ്റീവന്‍ സ്മിത്ത് (93), ക്യാരി (51) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്.
