അഡ്‌ലെയ്‌ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ജസ്‌പ്രീത് ബുമ്രക്ക് മുന്നില്‍ പതറി ഓസ്‌ട്രേലിയന്‍ മുന്‍നിര. ഒന്നാം ഇന്നിംഗ്‌‌സില്‍ ഇന്ത്യയുടെ 244 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ രണ്ടാംദിനം ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 19 ഓവറില്‍ രണ്ട് വിക്കറ്റിന് 35 റണ്‍സെന്ന നിലയിലാണ്. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ഓസീസ് ഓപ്പണര്‍മാരെ പവലിയനിലേക്ക് മടക്കി. മാര്‍നസ് ലബുഷെയ്‌ന്‍(16*), സ്റ്റീവ് സ്‌മിത്ത്(1*) എന്നിവരാണ് ക്രീസില്‍.

ബും ബും ബുമ്ര

ഉമേഷ് യാദവാണ് ഇന്ത്യക്കായി ന്യൂബോള്‍ എടുത്തത്. പിന്നാലെ ഷമിയും ബുമ്രയും ആക്രമണത്തിന് കൂട്ടെത്തിയതോടെ ഓപ്പണര്‍മാരായ വെയ്ഡും ബേണ്‍സും വലഞ്ഞു. അഞ്ചാം ഓവറിലാണ് ഓസീസ് അക്കൗണ്ട് തുറക്കുന്നത്. എന്നാല്‍ ഈ അമിത പ്രതിരോധം 15-ാം ഓവറിലെ ആദ്യ പന്തില്‍ ബുമ്ര പൊളിച്ചു. 51 പന്ത് നേരിട്ട് എട്ട് റണ്‍സെടുത്ത വെയ്‌ഡ് എല്‍ബി. 17-ാം ഓവറിലെ അവസാന പന്തില്‍ ബുമ്ര വീണ്ടും താരമായി. 41 പന്തില്‍ എട്ട് റണ്‍സുമായി ബേണ്‍സും എല്‍ബിയില്‍ പുറത്ത്.

ഇതോടെ ഓസീസ് ഓപ്പണര്‍മാരുടെ പ്രതിരോധത്തിന് അന്ത്യം. എട്ട് ഓവറില്‍ ഇതിനകം അഞ്ച് മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞ ബുമ്ര എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്. 

നേരത്തെ രണ്ടാംദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കി ഓസ്‌ട്രേലിയ മേല്‍ക്കൈ നേടിയിരുന്നു. ആദ്യദിനത്തെ സ്‌കോറിനോട് 11 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് ചേര്‍ക്കാന്‍ കഴിഞ്ഞത്. 

11 റണ്‍സിനിടെ നാല് വിക്കറ്റ്

ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ക്രീസിലെത്തിയ ഇന്ത്യ 244ല്‍ ഔള്‍ഔട്ടായി. സ്റ്റാര്‍ക്ക്-കമ്മിന്‍സ് സഖ്യത്തിന്‍റെ പേസാക്രമണമാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്നത്തെ മൂന്നാം പന്തില്‍ തന്നെ അശ്വിനെ(15) മടക്കി കമ്മിന്‍സ് തുടങ്ങി. വിക്കറ്റിന് പിന്നില്‍ പെയ്‌ന് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ആഞ്ഞടിച്ചു. മൂന്നാം പന്തില്‍ സാഹ(9) പെയ്ന്‍റെ കൈകളില്‍ അവസാനിച്ചു. തലേന്നത്തെ സ്‌കോറിനോട് ഇരുവര്‍ക്കും ഒരു റണ്‍പോലും അധികം ചേര്‍ക്കാനായില്ല. 

സ്റ്റാര്‍ക്ക് വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ ഉമേഷ് യാദവ്(6) വെയ്‌ഡിന്‍റെ കൈകളില്‍ ഒതുങ്ങി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 94-ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷമിയെ പൂജ്യത്തില്‍ മടക്കി കമ്മിന്‍സ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഹെഡിനായിരുന്നു ക്യാച്ച്. നാല് റണ്‍സുമായി ജസ്‌പ്രീത് ബുമ്ര പുറത്താകാതെ നിന്നു. രണ്ടാംദിനം 11 റണ്‍സിനിടെ നാല് വിക്കറ്റും വലിച്ചെറിയുകയായിരുന്നു ഇന്ത്യ. വെറും 23 മിനുറ്റ് മാത്രമാണ് രണ്ടാംദിനം ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നത്. 

ഇന്ത്യന്‍ കിംഗ് കോലി തന്നെ

പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(17), ചേതേശ്വര്‍ പൂജാര(43), വിരാട് കോലി(74), അജിങ്ക്യ രഹാനെ(42), ഹനുമ വിഹാരി(16) എന്നിവരെ ഇന്ത്യക്ക് ആദ്യദിനം നഷ്ടമായിരുന്നു. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 53 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും പാറ്റ് കമ്മിന്‍സ് 48 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി. ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റും സ്വന്തമാക്കി.