അഡ്‌ലെയ്‌ഡ്: ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് നായകന്‍ വിരാട് കോലി എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്‌ഡില്‍ പുരോഗമിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലും കോലിയുടെ ഉഗ്രന്‍ ഫീല്‍ഡിംഗ് പ്രകടനം ആരാധകര്‍ക്ക് കാണാനായി. അരങ്ങേറ്റ മത്സരത്തില്‍ അത്ഭുതം കാട്ടാനിറങ്ങിയ 21കാരന്‍ കാമറൂണ്‍ ഗ്രീനാണ് കോലിയുടെ പറക്കലില്‍ പുറത്തായത്. 

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ 35-ാം ഓവറില്‍ രവിചന്ദ്ര അശ്വിന്‍റെ പന്തില്‍ ട്രാവിഡ് ഹെഡ് പുറത്തായതോടെയാണ് ആറാമനായി കാമറൂണ്‍ ഗ്രീന്‍ ക്രീസിലെത്തിയത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ അടുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റമായിരുന്നു ഇത്. അതിനാല്‍ വലിയ പ്രതീക്ഷയിലായിരുന്നു സഹതാരങ്ങളും കമന്‍റേറ്റര്‍മാരും. 

എന്നാല്‍ അശ്വിന്‍ എറിഞ്ഞ 41-ാം ഓവറിലെ മൂന്നാം പന്തില്‍ ഗ്രീനിന്‍റെ കണ്ണ് തള്ളിച്ചു കോലി. അല്‍പം ഷോട്ട് പിച്ചായി അശ്വിന്‍ എറിഞ്ഞ പന്ത് മിഡ് വിക്കറ്റിലൂടെ പായിക്കാന്‍ കരുത്തുറ്റ ഷോട്ടിന് ശ്രമിച്ചു ഗ്രീന്‍. എന്നാല്‍ മുഴുനീള പറക്കലില്‍ പന്ത് കൈക്കലാക്കി കോലി. 24 പന്തില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സാണ് ഗ്രീന്‍ നേടിയത്. അരങ്ങേറ്റ ഇന്നിംഗ്‌സ് അതോടെ ഗ്രീനിന് കണ്ണീരായി. 

ബുമ്രക്കൊപ്പം അശ്വിനും മരണമാസ്; ഓസീസിന് കൂട്ടത്തകര്‍ച്ച, നാണംകെട്ട് സ്‌മിത്ത്!