അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ക്രീസില്‍ നിലയുറപ്പിച്ച ക്യാപ്റ്റന്‍ വിരാട് കോലിയെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയയും വീഴ്ത്തി ആദ്യ ദിനം മുന്‍തൂക്കം തിരിച്ചുപിടിച്ച് ഓസ്ട്രേലിയ. ഡേ നൈറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഒമ്പത് റണ്‍സോടെ വൃദ്ധിമാന്‍ സാഹയും 15 റണ്‍സോടെ രവിചന്ദ്ര അശ്വിനും ക്രീസില്‍.

തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ചേതേശ്വര്‍ പൂജാരയും(43) ക്യാപ്റ്റന്‍ വിരാട് കോലിയും(74), അജിങ്ക്യാ രഹാനെയും(42) ചേര്‍ന്ന് ഇന്ത്യയെ 188/3 എന്ന മികച്ച നിലയിലെത്തിച്ചെങ്കിലും കോലി പുറത്തായതോടെ ഇന്ത്യ വീണ്ടും കൂട്ടത്തകര്‍ച്ചയിലായി.

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി(72) രഹാനെയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കോലി പുറത്തായതിന് പിന്നാലെ രണ്ടാം ന്യൂബോളില്‍ രഹാനെയും(42) ഹനുമാ വിഹാരിയെയും(16) മടക്കി ഓസീസ് പേസര്‍മാര്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

ഷോ കാണിക്കാതെ പൃഥ്വി, തുടക്കം മുതലാക്കാനാവാതെ മായങ്ക്

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ പൃഥ്വി ഷായെ(0) നഷ്ടമായി. ഷായെ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചേതേശ്വര്‍ പൂജാരക്കൊപ്പം മെല്ലെത്തുടങ്ങിയ മായങ്ക്(17) മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് കരുതിയെങ്കിലും കമിന്‍സിന്‍റെ പന്തില്‍ ബൗള്‍ഡായി. 32 റണ്‍സെ അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു.

ഓസീസിന്‍റെ ക്ഷമ പരീക്ഷിച്ച് പൂജാര

ഓസീസ് ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് പൂജാര ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ പതുക്കെ മുന്നോട്ട് നീങ്ങി. പതുക്കെ തുടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിയും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോറിംഗിന് അനക്കം വെച്ചു, അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയപ്പോഴാണ് നഥാന്‍ ലിയോണ്‍ വില്ലനായത്. പൂജാരയുടെ(43) ബാറ്റിലും പാഡിലും തട്ടിയുയര്‍ന്ന പന്ത് ലെഗ് സ്ലിപ്പില്‍ ലാബുഷെയ്ന്‍ കയ്യിലൊതുക്കി. 160 പന്തിലാണ് പൂജാര 43 റണ്‍സെടുത്ത്.

കരുത്തോടെ കോലിയും ഇന്ത്യയും

പൂജാര പുറത്തായശേഷം ക്രീസിലെത്തി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ മികച്ച രീതിയില്‍ തുടങ്ങിയപ്പോള്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 88 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് കോലി രഹാനെയുമായുള്ള ധാരണപ്പിശകില്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായത്. 180 പന്തില്‍ എട്ട് ബൗണ്ടറിയടക്കമാണ് കോലി 74 റണ്‍സടിച്ചത്.

ഓസീസിന്‍റെ ഇരട്ടപ്രഹരത്തില്‍ പതറി ഇന്ത്യ

കോലി വീണതിന് പിന്നാലെ രണ്ടാം ന്യൂബോള്‍ എടുത്ത ഓസീസിന് ഉടനടി അതിന് ഫലവും ലഭിച്ചു. നിലയുറപ്പിച്ച രഹാനെയെ(42) സ്റ്റാര്‍ക്കും നന്നായി തുടങ്ങിയ വിഹാരിയെ(16) ഹേസല്‍വുഡും വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ വൃദ്ധിമാന്‍ സാഹയും(9 നോട്ടൗട്ട്), രവിചന്ദ്ര അശ്വിനും(15 നോട്ടൗട്ട്) ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യദിനം 233 റണ്‍സിലെത്തിച്ചു. ഓസീസിനായി സ്റ്റാര്‍ക്ക് രണ്ടും ഹേസല്‍വുഡും കമിന്‍സും ലിയോണും ഓരോ വിക്കറ്റും വീഴ്ത്തി.