സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പ്രധാന വ്യത്യാസം സ്റ്റീവ് സ്മിത്ത് എന്ന ബാറ്റ്സ്മാനായിരുന്നു. ബാറ്റ് ചെയ്തപ്പോള്‍ ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയുമെല്ലാം നെറ്റ് ബൗളര്‍മാരെപ്പോലെ ബൗണ്ടറി കടത്തി അതിവേഗ സെഞ്ചുറി നേടിയ സ്മിത്ത് ഫീല്‍ഡിംഗില്‍ അത്ഭുത ക്യാച്ചുമായി ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ പറന്നിറങ്ങുകയും ചെയ്തപ്പോള്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും 51 റണ്‍സിന് തോറ്റമ്പിയ ഇന്ത്യ ഏകദിന പരമ്പര കൈവിട്ടു.

ഓസീസ് ഉയര്‍ത്തിയ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഓസീസിന്‍റെ റണ്‍മല മറികടക്കാന്‍ അത് തികയാതെ വന്നു. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 389/4, ഇന്ത്യ 50 ഓവറില്‍ 3387/9.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച കാന്‍ബറയില്‍ നടക്കും. ഏകദിന പരമ്പരയില്‍ ഈ വര്‍ഷമാദ്യം ന്യൂസിലന്‍ഡിനോട് 3-0ന് തോറ്റ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ഏകദിന തോല്‍വിയാണിന്ന് ഓസീസിനെതിരെ നേരിട്ടത്.

ഓസീസ് ഉയര്‍ത്തിയ റണ്‍മല കയറാന്‍ ഇന്ത്യക്ക് അതിവേഗത്തുടക്കം അനിവാര്യമായിരുന്നു. മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ഓപ്പണിംഗ് വിക്കറ്റില്‍ 7.4 ഓവറില്‍ 58 റണ്‍സടിച്ചെങ്കിലും  ഇരുവരും അടുത്തടുത്ത് പുറത്തായത് ഇന്ത്യയെ പുറകോട്ട് അടിച്ചു. 23 പന്തില്‍ 30 റണ്‍സടിച്ച ധവാനെ ഹേസല്‍വുഡ് മടക്കിയപ്പോള്‍ 26 പന്തില്‍ 28 റണ്‍സടിച്ച മായങ്കിനെ കമിന്‍സ് വീഴ്ത്തി. ഇരുവരും പുറത്തായതോടെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലായി വിരാട് കോലിയും ശ്രേയസ് അയ്യരും. നിലയുറപ്പിക്കാന്‍ സമയമെടുത്ത കോലി കരുതലോടെ കളിച്ചപ്പോള്‍ അയ്യര്‍ക്കായിരുന്നു ആക്രമണത്തിന്‍റെ ചുമതല. എന്നാല്‍ ഈ ഘട്ടത്തില്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്താന്‍ കഴിയാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി.

ഫീല്‍ഡിലും പ്രതീക്ഷ തകര്‍ത്ത് പറക്കും സ്മിത്ത്

93 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇരുവരും ഇന്ത്യക്ക് വീണ്ടും വിജയപ്രതീക്ഷ നല്‍കിയെങ്കിലും  അയ്യരെ(36 പന്തില്‍ 38) പറന്നുപിടിച്ച് സ്മിത്ത് ആ പ്രതീക്ഷയും തകര്‍ത്തു. കോലിക്ക് കൂട്ടായി കെ എല്‍ രാഹുല്‍ എത്തിയതോടെ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷയായി. 36-ാം ഓവറില്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോലിയെ(87 പന്തില്‍ 89) മടക്കി ഹേസല്‍വുഡ‍് ഒരിക്കല്‍ കൂടി ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കി.

കെ എല്‍ രാഹുല്‍(66 പന്തില്‍ 76) പരമാവധി ശ്രമിച്ചെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് കാര്യമായ പിന്തുണ ഇല്ലാതായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ബൗണ്ടറി കടന്നു. റണ്‍നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച് രാഹുലും ജഡേജയും(11 പന്തില്‍ 24) വീണു. പാണ്ഡ്യയാകട്ടെ കഴിഞ്ഞ മത്സരത്തിന്‍റെ നിഴലിലെന്നോണം ബാറ്റ് വീശി(31 പന്തില്‍ 28) പുറത്തായതോടെ ഇന്ത്യയുടെ പരാജയം പൂര്‍ണമായി. ഓസീസിനായി പാറ്റ് കമിന്‍സ് മൂന്നും ഹേസല്‍വുഡും ആദം സാംപയും രണ്ടും വിക്കറ്റെടുത്തപ്പോള്‍ ഹെന്‍റിക്കസും മാക്സ്‌വെല്ലും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്റ്റീവ് സ്മിത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുടെയും(64 പന്തില്‍ 104), ഡേവിഡ് വാര്‍ണര്‍(77 പന്തില്‍ 83), ആരോണ്‍ ഫിഞ്ച്(69 പന്തില്‍ 60), ലാബുഷെയ്ന്‍(61 പന്തില്‍ 70),  മാക്സ്‌വെല്‍(29 പന്തില്‍ 63) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.