മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഇന്ത്യക്ക് ആശങ്ക സമ്മാനിച്ച് പേസര്‍ ഉമേഷ് യാദവിന്‍റെ പരിക്ക്. മൂന്നാംദിനം ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ തന്‍റെ നാലാം ഓവറിലാണ് ഉമേഷ് പരിക്കേറ്റ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. തന്‍റെ രണ്ടാം ഓവറില്‍ ജോ ബേണ്‍സിനെ തകര്‍പ്പന്‍ പന്തില്‍ മടക്കിയ ശേഷമായിരുന്നു ഉമേഷിന് പരിക്കിന്‍റെ തിരിച്ചടി.

റണ്ണപ്പിന് ശേഷം കാല്‍മുട്ടില്‍ കടുത്ത വേദന അനുഭവപ്പെട്ട ഉമേഷ് മൈതാനത്ത് വൈദ്യസഹായം തേടി. ഇതോടെ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജാണ് ഈ ഓവര്‍ പൂര്‍ത്തിയാക്കിയത്. സ്റ്റാര്‍ പേസര്‍മാരായ ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവര്‍ പരിക്ക് കാരണം കളിക്കാതിരിക്കേയാണ് ഉമേഷിനും പരിക്കേല്‍ക്കുന്നത്. ഉമേഷിന്‍റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല. 

മെല്‍ബണില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 131 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 326 റണ്‍സ് നേടി. നായകന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും(112) രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുമാണ്(57) ഇന്ത്യക്ക് തുണയായത്. ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 94/3 എന്ന നിലയില്‍ പരുങ്ങലിലാണ്. ഇന്ത്യന്‍ സ്‌കോറിനേക്കാള്‍ 37 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. 

മെല്‍ബണില്‍ ഇന്ത്യ 326ന് പുറത്ത്, ലീഡ്; രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം