അഡ്‌ലെയ്ഡ്: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട കളി തുടരുകയാണ്. ഏകദിന, ടി20 പരമ്പരകളില്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ട ഇന്ത്യ ആദ്യ ടെസ്റ്റിലും സമാനമായ പിഴവുകള്‍ ആവര്‍ത്തിച്ചു. മാര്‍നസ് ലാബുഷെയ്നെയും ഓസീസിന്‍റെ ടോപ് സ്കോററായ ക്യാപ്റ്റന്‍ ടിം പെയ്നെയും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട് സഹായിച്ചപ്പോള്‍ 150ല്‍ താഴെ ഒതുങ്ങുമായിരുന്ന ഓസീസ് സ്കോര്‍ 191ല്‍ എത്തി.

മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കാരണം ഇതോടെ നഷ്ടമായത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയതിനെ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. മാര്‍നസ് ലാബുഷെയ്നിനെ വ്യക്തിഗത സ്കോര്‍ 12ല്‍ നില്‍ക്കെ കൈവിട്ട ഇന്ത്യ 21ല്‍ നില്‍ക്കെ വീണ്ടും നിലത്തിട്ടു. ഇത്തവണ അനായാസ ക്യാച്ച് കൈവിട്ടത് യുവതാരം പൃഥ്വി ഷാ ആയിരുന്നു.

ഇന്ത്യക്കാര്‍ ഇപ്പോഴെ ക്രിസ്മസ് മൂഡിലാണെന്നും അതുകൊണ്ടാണ് നേരത്തെ ക്രിസ്മസ് സമ്മാനം നല്‍കുന്നത് എന്നുമായിരുന്നു ലാബുഷെയ്നിനെ ഷാ കൈവിടുന്നത് കണ്ട് കമന്‍ററി ബോക്സിലിരുന്ന് ഗവാസ്കറുടെ പ്രതികരണം.

ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ മോശം പ്രകടനത്തെയും ഗവാസ്കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിനും പാഡിനുമിടയില്‍ ഒരു ട്രക്ക് പോകാനുള്ള ഇടമുണ്ടെന്നായിരുന്നു ഗവാസ്കറുടെ പ്രസ്താവന. രണ്ടാം ഇന്നിംഗ്സില്‍ ആദ്യ ഇന്നിംഗ്സിലേതിന് സമാനമായ പന്തിലാണ് പൃഥ്വി ഷാ ബൗള്‍ഡായത്.