മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് 319 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 467 റണ്‍സ് പിന്തുടര്‍ന്ന കിവികള്‍ മൂന്നാംദിനം 148 റണ്‍സില്‍ പുറത്തായി. അഞ്ച് വിക്കറ്റുമായി പേസര്‍ പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റുമായി ജയിംസ് പാറ്റിന്‍സണും രണ്ട് പേരെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ന്യൂസിലന്‍ഡിനെ വരിഞ്ഞുമുറുക്കിയത്. 

മറുപടി ബാറ്റിംഗില്‍ ഓസീസ് പേസാക്രമണത്തില്‍ തളര്‍ന്ന് ന്യൂസിലന്‍ഡ് കുറഞ്ഞ സ്‌കോറില്‍ പുറത്തായപ്പോള്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാഥമാണ് ടോപ് സ്‌കോറര്‍. ആറ് കിവീസ് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഒന്‍പതിലും റോസ് ടെയ്‌ലര്‍ നാലിലും ബിജെ വാട്‌ലിംഗ് ഏഴിലും ടോം ബ്ലന്‍ഡെല്‍ 15ലും പുറത്തായി. 18 റണ്‍സുമായി നീല്‍ വാഗ്‌നര്‍ പുറത്താകാതെ നിന്നു. വെറും 28 റണ്‍സ് വിട്ടുകൊടുത്താണ് കമ്മിന്‍സ് അഞ്ച് പേരെ മടക്കിയത്. 

നേരത്തെ ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 467-10 എന്ന മികച്ച സ്‌കോറിലെത്തിയിരുന്നു ഓസീസ്. ആറാമനായിറങ്ങിയ ഹെഡ് 114 റണ്‍സെടുത്തു. സ്റ്റീവ് സ്‌മിത്ത്(85), ടിം പെയ്‌ന്‍(79), മാര്‍നസ് ലാബുഷെയ്‌ന്‍(63) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ന്യൂസിലന്‍ഡിനായി നീല്‍ വാഗ്‌നര്‍ നാലും ടിം സൗത്തി മൂന്നും കോളിന്‍ ഗ്രാന്‍ഡ്‌ഹോം രണ്ടും ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.