സിഡ്‌നി: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചു. ന്യൂസിലന്‍ഡില്‍ ഈ മാസം അവസാനം ആരംഭിക്കേണ്ടിയിരുന്ന ടി20 പരമ്പരയും ഉപേക്ഷിച്ചതായി ഐസിസി അറിയിച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അടിയന്തരമായി നാട്ടിലേക്ക് മടങ്ങും. 

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുണ്ടായിരുന്നത്. ആദ്യ ഏകദിനം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അടച്ചിട്ട ഗാലറിയില്‍ ഇന്നലെ നടന്നിരുന്നു. മത്സരം 71 റണ്‍സിന് ഓസ്‌ട്രേലിയ വിജയിച്ചു. ടോസ് വേളയില്‍ ഇരു ക്യാപ്റ്റന്‍മാരും മത്സരശേഷം താരങ്ങളും സ്റ്റാഫും ഹസ്‌തദാനം നടത്തിയില്ല. പതിനഞ്ചാം തിയതി സിഡ്‌നിയിലും 20ന് ഹൊബാര്‍ട്ടിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കേണ്ടിയിരുന്നത്.

ലോക്കി ഫെര്‍ഗുസണ്‍ നിരീക്ഷണത്തില്‍

തൊണ്ടയില്‍ അസ്വസ്‌തതകള്‍ ഉള്ളതായി കിവീസ് പേസര്‍ ലോക്കി ഫെര്‍ഗുസന്‍ മത്സരശേഷം മെഡിക്കല്‍ സംഘത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് താരത്തെ ടീം ഹോട്ടലില്‍ 24 മണിക്കൂറേക്ക് ഐസലോറ്റ് ചെയ്തു. കൊവിഡ് 19 പരിശോധനകള്‍ നടത്തിയെങ്കിലും ഫലം പുറത്തുവന്നിട്ടില്ല. നേരത്തെ, ഓസീസ് പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും കൊവിഡ് 19 പിടിപെട്ടിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. 

ന്യൂസിലന്‍ഡ് അതിര്‍ത്തികള്‍ കര്‍ശന നിരീക്ഷണത്തിലാക്കിയതും പരമ്പരകള്‍ റദ്ദാക്കാന്‍ കാരണമായി. അർധരാത്രി മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 14 ദിവസത്തെ സ്വമേധയാലുള്ള ഐസലേഷന്‍ ന്യൂസിലാന്റ് നിർബന്ധമാക്കിയിട്ടുണ്ട് എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തു. 

ക്രിക്കറ്റിനെയും വിഴുങ്ങി കൊവിഡ് 19ന്‍റെ വിഹാരം

സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും അടക്കമുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് ടി20 സീരിസാണ് ആദ്യ റദ്ദാക്കിയ ടൂര്‍ണമെന്‍റ്. പിന്നാലെ ഇംഗ്ലണ്ടിന്‍റെ ലങ്കന്‍ പര്യടനം റദ്ദാക്കി. ഐപിഎല്‍ ഏപ്രില്‍ 15 വരെ മാറ്റിവച്ചിട്ടുണ്ട്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഓസീസ് വനിതകളുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഒഴിവാക്കിയവയിലുണ്ട്. ഇപ്പോള്‍ ഓസ‌്‌ട്രേലിയ-ന്യൂസിലന്‍ഡ് പരമ്പരകളും റദ്ദാക്കിയിരിക്കുകയാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക