അഡ്‌ലെയ്ഡ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ടെസ്റ്റിലേതുപോലെ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയ നേടിയ ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷാഗ്നെയും ചേര്‍ന്നാണ് ഓസീസിന് മേല്‍ക്കൈ സമ്മാനിച്ചത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ്. 166 റണ്‍സുമായി വാര്‍ണറും 126 റണ്‍സുമായി ലാബുഷാഗ്നെയും ക്രീസില്‍. നാലു റണ്‍സെടുത്ത ജോ ബേണ്‍സിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ബേണ്‍സിനെ നഷ്ടമായെങ്കിലും പാക്കിസ്ഥാന്റെ ആഘോഷം അവിടെ തീര്‍ന്നു. പിന്നീട് 294 റണ്‍സ് കൂട്ടുകെട്ടിലൂടെ വാര്‍ണറും ലാബുഷാഗ്നെയും ചേര്‍ന്ന് പാക്കിസ്ഥാന്‍ ബൗളര്‍മാരെ തല്ലിച്ചതച്ചു. ടെസ്റ്റ് കരിയറിലെ 23-ാം സെഞ്ചുറി തികച്ച വാര്‍ണര്‍ ആഷസിലെ നാണംകെട്ട പ്രകടനം മായ്ച്ചു കളഞ്ഞു.

ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങി പാക്കിസ്ഥാന് പരമ്പരയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്.