ബ്രിസ്ബേന്‍: ഓസ്ട്രേലിയ-ശ്രീലങ്ക രണ്ടാം ടി20 മത്സരത്തിനിടെ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി ലങ്കന്‍ ബൗളര്‍ സന്ദാകന്റെ ആന മണ്ടത്തരം. മത്സരത്തില്‍ ലങ്ക ഒമ്പത് വിക്കറ്റിന് തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 19 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസ് സ്മിത്തിന്റെയും വാര്‍ണറുടെയും ബാറ്റിംഗ് മികവില്‍ 13 ഓവറില്‍ ലക്ഷ്യത്തിലെത്തി.

ഓസീസ് വിജയത്തിന് അടുത്തെത്തി നില്‍ക്കെയാണ് സ്മിത്തിനെ പുറത്താക്കാന്‍ സന്ദാകന് അവസരം ലഭിച്ചത്. പന്തെറിഞ്ഞ സന്ദാകന് നേര്‍ക്കു തന്നെ വാര്‍ണര്‍ പന്ത് അടിച്ചു. സന്ദാകന്റെ കൈകളില്‍ തട്ടാതെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റില്‍ കൊണ്ട പന്ത് വീണ്ടും സന്ദാകന്റെ കൈകളിലെത്തി. ഈ സമയം ക്രീസിനെ ഏറെ പുറത്തായിരുന്നു സ്മിത്ത്.

ബെയില്‍സ് വീണതിനാല്‍ പന്ത് കൈയിലെടുത്ത് വിക്കറ്റ് വലിച്ചൂരി സന്ദാകന്‍ ഔട്ടിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ വലതു കൈയില്‍ പന്ത് പിടിച്ച് ഇടതു കൈ കൊണ്ടാണ് സന്ദാകന്‍ സ്റ്റംപ് ഊരിയത്. പന്ത് സ്റ്റംപില്‍ കൊള്ളിക്കാന്‍ മറന്നതിനാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചതുമില്ല.