സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 17ന് അഡ്‌ലെയ്ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റോടെയാണ് നാലു മത്സര പരമ്പരക്ക് തുടക്കമാവുക. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റും ആണിത്.

ഏകദിന പരമ്പര ഓസീസും ടി20 പരമ്പര ഇന്ത്യയും നേടിയ സാഹചര്യത്തില്‍ ടെസ്റ്റ് പരമ്പര ആരു നേടുമെന്ന ആരാധകരുടെ ആകാംക്ഷക്കിടെ വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇത്തവണ പരമ്പരയില്‍ ഓസ്ട്രേലിയക്ക് മുന്‍തൂക്കമുണ്ടെന്ന് വോണ്‍ പറഞ്ഞു.
 
നാട്ടിലെ സാഹചര്യങ്ങളില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യവും സ്റ്റീവ് സ്മിത്തിനെയും ലാബുഷെയ്നെയും പോലുള്ള കളിക്കാരുടെ സാന്നിധ്യവും ഓസീസിന് മുന്‍തൂക്കം നല്‍കുന്നു, അതുകൊണ്ടുതന്നെ പരമ്പര 2-1ന് ഓസീസ് നേടുമെന്നാണ് എനിക്ക് തോന്നുന്നത്.

വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ശേഷിക്കുന്ന ടെസ്റ്റുകളില്‍ ഓസീസ് കരുത്തിനെ വെല്ലുവിളിക്കാന്‍ ഇന്ത്യ പാടുപെടും. എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യയെന്നും വോണ്‍ പറഞ്ഞു.