Asianet News MalayalamAsianet News Malayalam

ബില്ലിങ്‌സിന്റെ സെഞ്ചുറിക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല; ആദ്യ ഏകദിനം ഓസീസിന്

മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.

australia won first odi against england in manchester
Author
Manchester, First Published Sep 12, 2020, 10:09 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 19  റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സാം ബില്ലിങ്‌സിന്റെ (110) കന്നി സെഞ്ചുറിക്കും ഓസീസിനെ രക്ഷിക്കാനായില്ല. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് ആതിഥേയര്‍ക്ക് നേടാനായത്. മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.

ഇംഗ്ലീഷ് നിരയില്‍ സാം ബില്ലിങ്‌സിന് പുറമെ ജോണി ബെയര്‍സ്‌റ്റോ (84) മാത്രമാണ് പിടിച്ചുനിന്നത്. ജേസണ്‍ റോയ് (3), ജോ റൂട്ട് (1), ഓയിന്‍ മോര്‍ഗന്‍ (23), ജോസ് ബട്‌ലര്‍ (1), മൊയീന്‍ അലി (6), ക്രിസ് വോക്‌സ് (10), ആദില്‍ റഷീദ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഫ്ര ആര്‍ച്ചര്‍ (8) പുറത്താവാതെ നിന്നു. ഹേസല്‍വുഡിന് പുറമെ ആഡം സാംപ നാലും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 
 
നേരത്തെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും (77) മിച്ചല്‍ മാര്‍ഷിന്റെയും (73) അര്‍ധസെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും(6) ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയും(16) തുടക്കത്തിലെ നഷ്ടമായ ഓസീസിനെ മാര്‍ക്കസ് സ്റ്റോയിനസും(34 പന്തില്‍ 43), മാര്‍നസ് ലാബുഷെയ്‌നും(21) ചേര്‍ന്നാണ് കരകയറ്റിയത്. എന്നാല്‍ സ്റ്റോയിനസിനെ മാര്‍ക്ക് വുഡും ലാബുഷെയ്‌നെ ആദില്‍ റഷീദും മടക്കിയതോടെ ഓസീസ് വീണ്ടും തകര്‍ച്ചയിലായി. 

അലക്‌സ് ക്യാരിയെ (10)കൂടെ മടക്കി റഷീദ് ഓസീസിനെ 123/5 ലേക്ക് തള്ളിയിട്ടെങ്കിലും ആറാം വിക്കറ്റില്‍ മാക്‌സ്‌വെല്‍- മാര്‍ഷ് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 126 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഓസീസ് സ്‌കോറിന് അടിത്തറയായത്. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ വെടിക്കെട്ട്(12 പന്തില്‍ 19) ഓസീസിനെ 294ല്‍ എത്തിച്ചു.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തു. പരിശീലനത്തിനിടെ പന്ത് തലയില്‍ക്കൊണ്ടതിനെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് ഇല്ലാതെയാണ് ഓസീസ് ഇറങ്ങിയത്.

Follow Us:
Download App:
  • android
  • ios