Asianet News MalayalamAsianet News Malayalam

ഇതെന്ത് പിച്ച്? മത്സരം പൂര്‍ത്തിയായത് രണ്ടാം ദിനം! ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റില്‍ ഓസീസിന് ജയം

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 152നെതിരെ ഓസ്‌ട്രേലിയ ഇന്ന് 218ന് പുറത്തായി. അഞ്ചിന് 145 എന്ന നിലയിലാണ് ഓസീസ് രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ 73 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി. ട്രാവിസ് ഹെഡിന്റെ 92 റണ്‍സിന്റെ കരുത്തില്‍ ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 73 ലീഡാണ് നേടിയത്.

Australia won over South Africa by six wickets in Brisbane test
Author
First Published Dec 18, 2022, 12:40 PM IST

ബ്രിസ്‌ബേന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ജയം. ആറ് വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. പേസര്‍മാരെ അമിതമായി പിന്തുണച്ച ബ്രിസ്‌ബേനിലെ പിച്ചില്‍ രണ്ടാം ദിവസം തന്നെ മത്സരം പൂര്‍ത്തിയായി. മൂന്ന് ദിവസവും ഇരുപതോളം ഓവറുകളും ടെസ്റ്റില്‍ ബാക്കിയുണ്ടായിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 152, 99. ഓസ്‌ട്രേലിയ 218, 34/4. അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 152നെതിരെ ഓസ്‌ട്രേലിയ ഇന്ന് 218ന് പുറത്തായി. അഞ്ചിന് 145 എന്ന നിലയിലാണ് ഓസീസ് രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ 73 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി. ട്രാവിസ് ഹെഡിന്റെ 92 റണ്‍സിന്റെ കരുത്തില്‍ ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 73 ലീഡാണ് നേടിയത്. ഹെഡിന് പുറമെ സ്റ്റീവന്‍ സ്മിത്താണ് (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. കാമറൂണ്‍ ഗ്രീന്‍ (18), അലക്‌സ് ക്യാരി (22), മിച്ചല്‍ സ്റ്റാര്‍ക്ക് (14), ഉസ്മാന്‍ ഖവാജ (11), മര്‍നസ് ലബുഷെയ്ന്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കഗിസോ റബാദ നാല് വിക്കറ്റ് വീഴ്ത്തി. മാര്‍കോ ജാന്‍സണ്‍ മൂന്നും ആന്റിച്ച് നോര്‍ജെ രണ്ടും വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക കമ്മിന്‍സിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 36 റണ്‍സെടുത്ത ഖയ സോണ്ടയാണ് ടോപ് സ്‌കോറര്‍. തെംബ ബവൂമ 29 റണ്‍സെടുത്തു. കേശവ് മഹാരാജാണ് (16) രണ്ടക്കം കണ്ട മറ്റൊരു താരം. സരേല്‍ ഇര്‍വീ (3), ഡീന്‍ എല്‍ഗാര്‍ (2), വാന്‍ ഡര്‍ ഡസ്സന്‍ (0), കെയ്്ല്‍ വറെയ്‌നെ (0) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയിക്കാന്‍ 34 റണ്‍സ് മാത്രമാണ് ഓസീസിന് വേണ്ടിയിരുന്നത്. എന്നാല്‍ മുന്‍നിരയിലെ നാല് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഉസ്മാന്‍ ഖവാജ (2), ഡേവിഡ് വാര്‍ണര്‍ (3), ഹെഡ് (0), സമിത്ത് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 19 റണ്‍സാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ലബുഷെയ്ന്‍ (5), ഗ്രീന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹെഡ്ഡാണ് പ്ലയര്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണില്‍ ആരംഭിക്കും.

ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വമ്പന്‍ ക്ഷണം നിരസിച്ച് കരീം ബെന്‍സേമ; കാരണം പരിശീലകനോടുള്ള നീരസം? ആരാധകര്‍ക്ക് നിരാശ

Follow Us:
Download App:
  • android
  • ios