കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കാന്‍ബറ മാനുക ഓവലില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. ഏകദിനത്തില്‍ അരങ്ങേറിയ ഐപിഎല്‍ സെന്‍സേഷന്‍ ടി നടരാജനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് പേസര്‍മാരെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. നടരാജനൊപ്പം ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലെത്തി. മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഡാര്‍സി ഷോര്‍ട്ട് ഓപ്പണറാവും. മാത്യൂ വെയ്ഡ് മൂന്നാമനായി ക്രീസിലെത്തു. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ടി നടരാജന്‍.