മെല്‍ബണ്‍: സ്റ്റീവ് സ്മിത്തും മാര്‍നസല് ലാബുഷെയ്നും പോയാല്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ് തകര്‍ന്നടിയുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബോക്സിംഗ് ഡേ ടെസ്റ്റിന് തൊട്ടു തലേന്നാണ് ഓസീസ് ബാറ്റിംഗിന്‍റെ പോരായ്മകളെക്കുറിച്ച് ഗംഭീര്‍ മനസു തുറന്നത്.സ്റ്റീവ് സ്മിത്തോ ലാബുഷെയ്നോ നിലയുറപ്പിച്ചില്ലെങ്കില്‍ ഓസ്ട്രേലിയക്ക് വമ്പന്‍ സ്കോരിലെത്താനാവില്ല.

മധ്യനിരയില്‍ ട്രാവിസ് ഹെഡ് എപ്പോള്‍ വേണമെങ്കിലും പുറത്താവുന്ന ബാറ്റ്സ്മാനാണ്. കാമറോണ്‍ ഗ്രീനാകട്ടെ തന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന താരവും. ഓസീസിന്‍റെ ഈ ബലഹീനത ഇന്ത്യന്‍ ബൗളിംഗ് നിര മെല്‍ബണില്‍ മുതലെടുക്കണമെന്നും ഗംഭീര്‍ വ്യക്തമാക്കി. ക്യാപ്റ്റന്‍ ടിം പെയ്ന്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയെന്നത് ശരിയാണ്. പക്ഷെ അദ്ദേഹത്തിനും ചില ബലഹീനതകളുണ്ട്.
 
മൂന്നാം നമ്പറിലെയും നാലാം നമ്പറിലെയും ബാറ്റ്സ്മാന്‍മാരൊഴിച്ചാല്‍ ഓസീസിന്‍റെ ബാറ്റിംഗ് ദുര്‍ബലമാണ്. അത് മുതലെടുക്കാനാവാണം ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിക്കേണ്ടത്. ജസ്പ്രീത് ബുമ്രയിലും രവിചന്ദ്ര അശ്വിനിലും ഇന്ത്യക്ക് രണ്ട് ലോകോത്തര ബൗളര്‍മാരുണ്ട്. ഉമേഷ് യാദവ് ആകട്ടെ പരിചയസമ്പന്നനുമാണ്.

അതുകൊണ്ടുതന്നെ മെല്‍ബണില്‍ ഇന്ത്യന്‍ ബൗളിംഗ് നിര കരുത്തുകാട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ മെല്‍ബണില്‍ മികവിലേക്ക് ഉയരേണ്ടത് നമ്മുടെ ബാറ്റിംഗ് നിരയാണ്. അവര്‍ 400 റണ്‍സൊന്നും അടിക്കേണ്ട. ഒരു 275 റണ്‍സെങ്കിലും നേടി ബൗളര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം കൊടുക്കണം. കാരണം ലോകോത്തര ബൗളര്‍മാരുള്ള ഇന്ത്യക്ക് 275 റണ്‍സെങ്കിലും എടുത്താല്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാവുമെന്നും ഗംഭീര്‍ പറഞ്ഞു.