ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മുന്‍ മത്സരത്തില്‍ 47 റണ്‍സെടുത്തു നില്‍ക്കെ ഹര്‍ലീനെ യുപി വാരിയേഴ്സ് പരിശീലകന്‍ അഭിഷേക് നായര്‍ തിരിച്ചുവിളിച്ചിരുന്നു.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ കരുത്തരായ മുംബൈ ഇന്ത്യൻസിനെ മലര്‍ത്തിയടിച്ച് ആദ്യജയം കുറിച്ച് യുപി വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 11 പന്തുകളും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് യുപി വാരിയേഴ്സ് മറികടന്നത്. 39 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍ലീന്‍ ഡിയോളാണ് യുപിയുടെ വിജയം അനായാസമാക്കിയത്. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ലീന്‍റെ ഇന്നിംഗ്സ്.

Scroll to load tweet…

ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മുന്‍ മത്സരത്തില്‍ 47 റണ്‍സെടുത്തു നില്‍ക്കെ ഹര്‍ലീനെ യുപി വാരിയേഴ്സ് പരിശീലകന്‍ അഭിഷേക് നായര്‍ തിരിച്ചുവിളിച്ചിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായി കോളെ ട്രയോണിനെ ക്രീസിലേക്ക് അയക്കാനായായിരുന്നു അഭിഷേക് നായര്‍ അര്‍ധസെഞ്ചുറി പോലും പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഹര്‍ലീനോട് റിട്ടയേര്‍ഡ് ഔട്ടാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്നലെ അതേ ഹര്‍ലീന്‍ തന്നെ തകര്‍ത്തടിച്ച് ടീമിന്‍റെ വിജയശില്‍പിയായി. 11 പന്തില്‍ 27 റണ്‍സുമായി കോളെ ട്രയോണും ഹര്‍ലീനൊപ്പം പുറത്താകാതെ നിന്നു. ക്യാപ്റ്റൻ മെഗ് ലാനിംഗ് 26 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ ഫോബെ ലിച്ചിഫീല്‍ഡ് 22 പന്തില്‍ 25 റണ്‍സെടുത്തു.

View post on Instagram

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നാറ്റ് സ്കൈവര്‍ ബ്രണ്ടിന്‍റെയും നിക്കോള ക്യാരിയുടെയും അമന്‍ജ്യോക് കൗറിന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. 43 പന്തില്‍ 65 റണ്‍സെടുത്ത നാറ്റ് സ്കൈവര്‍ ബ്രണ്ടാണ് മുംബൈയുടെ ടോപ് സ്കോറര്‍. അമന്‍ജ്യോത് കൗര്‍ 33 പന്തില്‍ 38 റണ്‍സടിച്ചപ്പോള്‍ നിക്കോളാ ക്യാരി 20 പന്തില്‍ 32 റണ്‍സെടുത്തു. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ 11 പന്തില്‍ 16 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ മലയാളി താരം സജന സജീവന്‍ രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത് റണ്ണൗട്ടായി മടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക