തന്റെ കരിയറിൽ നേരിട്ടതിൽ വെച്ച് ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാരയാണെന്ന് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച മുൻ താരങ്ങളുടെ പേരുകളും അദ്ദേഹം പങ്കുവെച്ചു.
സിഡ്‌നി: തന്റെ ക്രിക്കറ്റ് കരിയറില്‍ താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും കഠിനനായ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. എതിരാളികളുടെ വിക്കറ്റ് വീഴ്ത്താന്‍ ഏറെ ബുദ്ധിമുട്ടിച്ച താരങ്ങളില്‍ ഒരാളാണ് പൂജാരയെന്നും, ക്രീസില്‍ ദീര്‍ഘനേരം പിടിച്ചുനില്‍ക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം എതിര്‍ ടീം ബോളര്‍മാരെ വട്ടംകറക്കാറുണ്ടെന്നും കമ്മിന്‍സ് വ്യക്തമാക്കി. പ്രൈം വീഡിയോ സ്‌പോര്‍ട്‌സ് പങ്കുവെച്ച ഒരു വീഡിയോയിലാണ് കമിന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കമ്മിന്‍സിന്റെ വാക്കുകള്‍... ''ഇന്ത്യയില്‍ നിന്ന് ഞാന്‍ പൂജാരയുടെ പേര് പറയും. അദ്ദേഹത്തെ പുറത്താക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. നൂറു ഡോട്ട് ബോളുകള്‍ നേരിടാന്‍ മടിക്കാത്ത, അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാത്ത ഒരു ശൈലിയാണ് അദ്ദേഹത്തിന്റേത്.'' കമ്മിന്‍സ് പറഞ്ഞു. ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ നിന്ന് 43.60 ശരാശരിയില്‍ 19 സെഞ്ച്വറികളോടെ 7,195 റണ്‍സ് നേടിയിട്ടുള്ള പൂജാര കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
താന്‍ ഇതുവരെ നേരിട്ട വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച കളിക്കാരുടെ പേരുകള്‍ അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചു. പാകിസ്ഥാനില്‍ നിന്ന് മുന്‍ സ്പിന്നര്‍ സയീദ് അജ്മലിനെയാണ് കമിന്‍സ് തിരഞ്ഞെടുത്തത്. താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ബോളറായിരുന്നു അജ്മലെന്ന് അദ്ദേഹം ഓര്‍മിച്ചു.
അലസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്), എ ബി ഡി വില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ബ്രെണ്ടന്‍ മക്കല്ലം (ന്യൂസിലന്‍ഡ്), തിലകരത്‌ന ദില്‍ഷന്‍ (ശ്രീലങ്ക), ക്രിസ് ഗെയില്‍ (വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് കമ്മിന്‍സിന്റെ പട്ടികയില്‍ ഇടംനേടിയ മറ്റ് താരങ്ങള്‍. എന്നാല്‍, നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലാത്ത താരങ്ങളെ മാത്രമാണ് കമ്മിന്‍സ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ, മൂന്ന് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. സിംബാബ്വെയിലെ പരമ്പരയ്ക്ക് ശേഷം കമിന്‍സ് ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്ന ഏകദിന ടീമിനൊപ്പം ചേരും. തുടര്‍ന്ന് ഒക്ടോബര്‍ 9-നാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

