നമീബിയയും ഒമാനും തമ്മിലുള്ള മത്സരം നിയന്ത്രിച്ചാണ് പൊളാസാക് പുരുഷന്‍മാരുടെ രാജ്യാന്തര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.
സിഡ്നി: വനിതകളുടെ ക്രിക്കറ്റ് മത്സരങ്ങള്‍ പോലും നിയന്ത്രിക്കുന്നത് പുരുഷ അമ്പയര്‍മാരാണ്. എന്നാല്‍ ഒരു വനിത പുരുഷന്‍മാരുടെ ക്രിക്കറ്റ് മത്സരം നിയന്ത്രിച്ചാലോ. അത് ചരിത്രമാകും. ഓസ്ട്രേലിയയുടെ ക്ലെയറെ പൊളോസാക് ആണ് ആ ചരിത്രം കുറിച്ചത്.
നമീബിയയും ഒമാനും തമ്മിലുള്ള മത്സരം നിയന്ത്രിച്ചാണ് പൊളാസാക് പുരുഷന്‍മാരുടെ രാജ്യാന്തര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്. 2017ല്‍ സിഡ്നിയില്‍ നടന്ന ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്റെ ഏകദിന മത്സരത്തില്‍ പൊളാസാക് അമ്പയറായിട്ടുണ്ടെങ്കിലും രാജ്യാന്തര മത്സരത്തില്‍ ഒരു വനിത പുരുഷ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നത് ഇതാദ്യമായാണ്.
31കാരിയായ പൊളാസാക് ഇതുവരെ വനിതകളുടെ 15 ഏകദിന മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. 2016 നവംബറില്‍ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക വനിതാ ടീമുകളുടെ മത്സരത്തിലാണ് പൊളാസാക് ആദ്യമായി രാജ്യാന്തര അമ്പയറാവുന്നത്. 2018ലെ ഐസിസി വനിതാ ടി20 ലോകകപ്പിന്റെ സെമിഫൈനലിലും പൊളാസാക് അമ്പയറായിരുന്നു.
ഐസിസി ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ രണ്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ നമീബിയയും ഒമാനും അടുത്തിടെയാണ് ഏകദിന പദവി നേടിയത്. ക്രിക്കറ്റിലേക്ക് കൂടുതല്‍ വനിതകള്‍ അമ്പയര്‍മാരായി കടന്നുവരണമെന്നും പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും ചെയ്യാവുന്ന ജോലിയാണിതെന്നും പൊളാസാക് പറഞ്ഞു.
