വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല! ഭാവി പദ്ധതികളെ കുറിച്ച് വ്യക്തമാക്കി സ്റ്റീവന്‍ സ്മിത്ത്
വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നാണ് സ്മിത്ത് പറയുന്നത്.
മെല്‍ബണ്‍: 35 വയസായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ സ്റ്റീവന്‍ സ്മിത്തിന്. ക്രിക്കറ്റ് കരിയറിന്റെ അവസാന കാലഘട്ടം എന്നൊക്കെ പറയാം. ഇപ്പോള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായ സ്മിത്ത് തകര്‍പ്പന്‍ ഫോമിലാണ്. അടുത്തിടെ വീണ്ടും ഐപിഎല്ലില്‍ കളിക്കാനുള്ള ആഗ്രഹം സ്മിത്ത് വ്യക്തമാക്കിയിരുന്നു. ഇതിനിടെ തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് സ്മിത്ത്.
വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നാണ് സ്മിത്ത് പറയുന്നത്. സ്മിത്തിന്റെ വാക്കുകള്‍... ''വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല. ബോര്‍ഡര്‍ - ഗവസ്‌ക്കര്‍ ട്രോഫിയെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യ കടുത്ത വെല്ലുവിളിയാകുമെന്നതില്‍ സംശയമൊന്നുമില്ല. അവര്‍ മികച്ച ടീമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയുമാണ് ലോക ക്രിക്കറ്റിലെ മികച്ച ടീമുകള്‍.'' സ്മിത്ത് പറഞ്ഞു.
മുഹമ്മദ് ഷമി എപ്പോള്‍ തിരിച്ചെത്തും? നിര്‍ണായക സൂചനയുമായി ജയ് ഷാ
നേരത്തെ, മേജര്‍ ലീഗ് ക്രക്കറ്റിനെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് സ്മിത്ത് ഐപിഎല്‍ മോഹം പങ്കുവച്ചത്. സ്റ്റീവ് സ്മിത്തല്ല, സ്റ്റീവ് സ്മിത്ത് 2.0 ആണിത്. മേജര്‍ ലീഗ് ക്രക്കറ്റില്‍ സ്മിത്തിന്റെ ബാറ്റിങ് കരുത്ത് ബൗളര്‍മാര്‍ നന്നായി അറിഞ്ഞു. ട്വന്റി 20ക്ക് ചേര്‍ന്നയാളല്ലെന്ന് പറഞ്ഞ് ഓസീസിന്റെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയ താരമാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍ക്കുന്നത്.
148 സ്ട്രൈക്ക് റേറ്റിലായിരുന്നു ലീഗില്‍ സ്മിത്തിന്റെ ഇന്നിങ്സ്. ഫൈനലില്‍ 52 പന്തില്‍ 88 റണ്‍സെടുത്ത സ്മിത്ത് വാഷിങ്ടണ്‍ ഫ്രീഡത്തിനെ ചാംപ്യന്‍മാരുമാക്കി. പാറ്റ് കമ്മിന്‍സും ഹാരിസ് റൗഫും അടങ്ങുന്ന പേസ് നിരയെയാണ് സ്മിത്ത് അടിച്ചുപറത്തിയത്. പിന്നാലെയാണ് ഐപിഎല്‍ മോഹം സ്മിത്ത് പങ്കുവച്ചത്. 2021ന് ശേഷം ഐപിഎല്‍ കളിക്കാന്‍ സ്മിത്തിനായിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും ലേലത്തിലുണ്ടായിരുന്ന സ്മിത്തിനെ ആരും വാങ്ങിയില്ല.