'അദ്ദേഹത്തിന് വേണമെങ്കില്‍ ടെസ്റ്റില്‍ മാത്രം കളിക്കാം..'; ഇന്ത്യന്‍ താരത്തിന് ഓസീസ് ഇതിഹാസത്തിന്റെ നിര്‍ദേശം
ബുമ്രയുടെ പരിക്കിന് കാരണം വര്‍ക്ക്‌ലോഡാണെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജെഫ് തോംസണും ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്.

മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം രണ്ട് ഐസിസി ട്രോഫികള്‍ ഇന്ത്യക്ക് സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. ആദ്യത്തേത് ഏഷ്യാ കപ്പായിരുന്നു. പിന്നാലെ ടി20 ലോകകപ്പിലും ഇന്ത്യക്ക് കപ്പുയര്‍ത്താനായില്ല. വിജയിക്കാന്‍ കഴിയാതെ പോയത് ജസ്പ്രിത് ബുമ്രയുടെ അഭാവമാണെന്ന് വിശദീകരണങ്ങളുണ്ടായിരുന്നു. രണ്ട് ടൂര്‍ണമെന്റുകളിലും ബുമ്രയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴും പരിക്ക് മാറി തിരിച്ചെത്താന്‍ ബുമ്രയ്ക്ക് സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലും ബുമ്രയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ബുമ്രയുടെ പരിക്കിന് കാരണം വര്‍ക്ക്‌ലോഡാണെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജെഫ് തോംസണും ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. ''ബുമ്രയ്ക്ക് ഏത് ഫോര്‍മാറ്റിലാണ് കളിക്കാന്‍ താല്‍പര്യമെങ്കില്‍ അതില്‍ ശ്രദ്ധിക്കാം. ഇനി എല്ലാ ഫോര്‍മാറ്റിലും കളിക്കണമെങ്കിലും അതിനും ശ്രമിക്കാം. ടെസ്റ്റ് മാത്രമാണ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്നാല്‍, ഞാന്‍ ഇക്കാലത്താണ് കളിക്കുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുക ബുദ്ധിമുട്ടാവും. പ്രത്യേകിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് ഒരുപാട് പണം കിട്ടുന്ന ഇക്കാലത്ത്.
കുട്ടിക്രിക്കറ്റായതുകൊണ്ട് ഒരുപാട് കാലം കളിക്കുകയും ചെയ്യാം. ഞാന്‍ കളിച്ചിരുന്ന കാലത്ത് പണത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. കാരണം, അന്ന് ഇത്രത്തോളം പണം ഉണ്ടായിരുന്നില്ല. ഇന്ന് ക്രിക്കറ്റ് ഒരു വ്യവസായമാണ്. ഇക്കാലത്ത് നമ്മള്‍ തന്ത്രശാലികള്‍ ആയിരിക്കണം. വര്‍ക്ക്‌ലോഡ് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്.'' ജെഫ് തോംസണ്‍ പറഞ്ഞു.
''ഇന്ന് കളിക്കാന്‍ ഒരുപാട് അവസരങ്ങളുണ്ട്. എല്ലാ വര്‍ഷങ്ങളിലും കളിയാണ്. മുമ്പ് സീസണില്‍ മാത്രമെ കളിക്കുമായിരുന്നു. വേനല്‍കാലത്ത് മാത്രമെ അന്ന് കളിക്കുമായിരുന്നുള്ളു. അപൂര്‍വമായി മാത്രമെ, ശീതകാലത്ത് കളിക്കുമായിരുന്നുള്ളു. അങ്ങനെ വരുമ്പോള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെല്ലാം സമയം കിട്ടുമായിരുന്നു. ഇന്ന് അത്തരത്തില്‍ ഒരു സാഹചര്യമില്ല. അതുകൊണ്ടാണ് ബാക്ക് അപ്പ് ബൗളര്‍മാര്‍ ഉണ്ടാവേണ്ടി വരുന്നത്.'' തോംസണ്‍ വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോ? ഭാവിയെ കുറിച്ച് സംസാരിച്ച് ഹാര്‍ദിക് പാണ്ഡ്യ