ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോ? ഭാവിയെ കുറിച്ച് സംസാരിച്ച് ഹാര്‍ദിക് പാണ്ഡ്യ
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് ഹാര്‍ദിക്. സമയമാവുമ്പോള്‍ തിരിച്ചെത്തുമെന്നാണ് ഹാര്‍ദിക് പറയുന്നത്.

അഹമ്മദാബാദ്: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ കളിക്കുന്നത്. 2018ന് ശേഷം അദ്ദേഹം ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞിട്ടില്ല. ദീര്‍ഘനാള്‍ പരിക്കിന്റെ പിടിയിലായിരുന്ന ഹാര്‍ദിക് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കും താരം തിരിച്ചുവരവ് നടത്തി. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.
ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് ഹാര്‍ദിക്. സമയമാവുമ്പോള്‍ തിരിച്ചെത്തുമെന്നാണ് ഹാര്‍ദിക് പറയുന്നത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ ഹാര്‍ദിക് പറയുന്നതിങ്ങനെ... ''നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. അതിനാണ് പ്രാധാന്യം നല്‍കുന്നതും. ശരിയായ സമയം വരുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കും.'' പാണ്ഡ്യ പറഞ്ഞു. ഇന്ത്യക്കായി 11 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് ഹാര്‍ദിക്. 2017ല്‍ ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഹാര്‍ദിക്കിന്റെ അരങ്ങേറ്റം. 2018ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.
18 ഇന്നിംഗ്‌സുകളില്‍ നിന്ന് 532 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. അരങ്ങേറ്റ പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു സെഞ്ചുറി. പല്ലേക്കെലെയല്‍ 108 റണ്‍സാണ് ഹാര്‍ദിക് നേടിയത്. പന്തെറിഞ്ഞപ്പോള്‍ 17 വിക്കറ്റും ഹാര്‍ദിക് സ്വന്തമാക്കി. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തം പേരില്‍ കുറിച്ചു. 28ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കയറാന്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേടേണ്ടതുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും. ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഈമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് 17 മുതല്‍ 21 വരെ ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കും.
ഉറുമി വീശും പോലൊരു ഫോർ, അതും ഒറ്റകൈ കൊണ്ട് റിവേഴ്സ് സ്വീപ്പിലൂടെ; വിഹാരി വേറെ ലെവല്‍- വീഡിയോ