സിഡ്നി: ഐപിഎല്ലിൽ നിർത്തിവച്ചതോടെ നാട്ടിലേക്ക് പോവാനായി മാലിദ്വീപിൽ കഴിയുന്ന ഓസ്ട്രേലിയൻ താരങ്ങൾ ഞായറാഴ്ച മടങ്ങിയേക്കും. ഇന്ത്യയിൽ നിന്ന് മടങ്ങുന്നവർ ഓസ്ട്രേലിയ ഏർപ്പെടുത്തിയ വിലക്ക് നാളെ തീരുന്നതിനാൽ ചാർട്ടേഡ് വിമാനത്തിൽ മടങ്ങാനാണ് നീക്കം. ക്രിക്കറ്റ് താരങ്ങൾ പ്രത്യേകം ഇളവൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി തന്നെ പറഞ്ഞതോടെയാണ് ഐപിഎല്ലിനായി ഇന്ത്യയിലെത്തിയ താരങ്ങൾ പെട്ടു പോയത്.

ഇന്ത്യയിൽ നിന്ന് മടങ്ങുന്നവരെ തടയാൻ വിമാനങ്ങൾ റദ്ദാക്കി. മറ്റേതെങ്കിലും വഴി എത്തിയാൽ കേസെടുത്ത് ജയിലിലടയ്ക്കും. ഇതോടെയാണ് പാതി വഴിയിൽ ടൂർണമെന്‍റ നിർത്തിയതോടെ താരങ്ങളും സ്റ്റാഫുമടങ്ങുന്ന 38അംഗ സംഘം മാലിദ്വീപിലേക്ക് പോയത്. അവിടെ കാത്തിരുന്ന് നാട്ടിലേക്ക് മടങ്ങാമെന്നാണ് തീരുമാനം. നിലവിലെ നിയന്ത്രണങ്ങൾ നാളെ വരെയാണ്. അങ്ങനെയെങ്കിൽ ഞായറാഴ്ച തന്നെ മടങ്ങാം.

അവിടെ 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റീനും പൂർത്തിയാക്കിവേണം കുടുംബത്തെ കാണാൻ. ഇനി നിയന്ത്രണങ്ങൾ നീട്ടിയാൽ പ്രതിസന്ധിയും നീണ്ട് പോവും. അതേസമയം ഇന്ത്യയിൽ നിന്ന് വരുന്നവരെ മാലിദ്വീപ് വിലക്കിയതോടെ ചെന്നൈയിൽ ചികിത്സയിലുള്ള മൈക്ക് ഹസിയുടെ മടക്കം പ്രതിസന്ധിയിലായി. ഓസ്ട്രേലിയൻ സംഘത്തോടൊപ്പം മടങ്ങാമെന്ന് കരുതിയപ്പോഴാണ് ഹസിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

നെഗറ്റീവായാൽ മാലിദ്വീപിലേക്ക് പറക്കാമെന്നായിരുന്നു കണക്ക് കൂട്ടൽ.പക്ഷെ മാലെദ്വീപ് ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ഹസിയുടെ യാത്ര അനിശ്ചിതത്വത്തിലായി. നിലവിൽ ഹസിയുടെ രോഗം ഭേദമാകുന്നതിനാണ് മുൻതൂക്കമെന്ന് ചൈന്നൈ സിഇഒ കാശി വിശ്വനാഥൻ പറ‌ഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona