കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അംപയറായ പരാശർ ജോഷി ഓസ്ട്രേലിയൻ ആഭ്യന്തര ടൂർണമെന്റുകളിൽ മത്സരം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിലേക്ക് തിരിക്കും.
മുംബൈ: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവമായൊരു നാഴികക്കല്ലിന് തുടക്കമിട്ട് ഓസ്ട്രേലിയൻ അംപയർ ബെൻ ട്രെലോർ. രഞ്ജി ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വിദേശ അമ്പയറായിരിക്കുകയാണ് ബെന് ട്രൈലോര്. ഈ സീസണിലെ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിലാണ് ട്രെലോർ അംപയറായി എത്തുന്നത്. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിൽ ഒപ്പുവെച്ച പ്രത്യേക അംപയറിംഗ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നടപടി.
ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അംപയറായ പരാശർ ജോഷി ഓസ്ട്രേലിയൻ ആഭ്യന്തര ടൂർണമെന്റുകളിൽ മത്സരം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിലേക്ക് തിരിക്കും. രണ്ട് ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിലും ഒരു വൺഡേ കപ്പ് മത്സരത്തിലുമാണ് പരാശർ ജോഷി അംപയറാകുക. ഒക്ടോബർ 18-ന് ആരംഭിച്ച ഡൽഹി-ഗുജറാത്ത് രഞ്ജി ട്രോഫി മത്സരത്തിലൂടെയാണ് ബെൻ ട്രെലോർ ഇന്ത്യയിലെ തന്റെ അംപയറിംഗ് ദൗത്യം ആരംഭിച്ചത്. ഒക്ടോബർ 26-ന് നടക്കുന്ന മുംബൈ - ഹരിയാന മത്സരത്തിലും അദ്ദേഹം മത്സരം നിയന്ത്രിക്കും.
ഓസ്ട്രേലിയയിൽ 30 ഫസ്റ്റ് ക്ലാസ്, 20 ലിസ്റ്റ് എ, 39 ബിഗ് ബാഷ് ലീഗ് മത്സരങ്ങളും വനിതാ അന്താരാഷ്ട്ര മത്സരങ്ങളും നിയന്ത്രിച്ച് പരിചയസമ്പന്നനാണ് ട്രെലോർ. കൂടാതെ ക്രിക്കറ്റ് ന്യൂ സൗത്ത് വെയിൽസിന്റെ അംപയർ എഡ്യൂക്കേഷൻ ഓഫീസർ കൂടിയാണ് ട്രെലോർ. ബിസിസിഐ അംപയറിംഗ് പാനൽ അംഗമായ പരാശർ ജോഷിയുടെ ഓസ്ട്രേലിയൻ പര്യടനം നവംബർ 11-ന് ആരംഭിക്കും. ഗാബ്ബയിൽ നടക്കുന്ന ക്വീൻസ്ലൻഡ് - ടാസ്മാനിയ ഷെഫീൽഡ് ഷീൽഡ് മത്സരത്തിലൂടെയാകും ജോഷിയുടെ തുടക്കം.
നവംബർ 16-ലെ വൺഡേ കപ്പ് മത്സരത്തിലും, നവംബർ 22 മുതൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ന്യൂ സൗത്ത് വെയിൽസ് - ക്വീൻസ്ലൻഡ് മത്സരത്തിലും ജോഷി അംപയറാകും. 2008-ൽ ഇന്ത്യൻ ഐഡൽ നാലാം സീസണിന്റെ പിയാനോ റൗണ്ട് വരെ എത്തിയ സംഗീതജ്ഞൻ കൂടിയാണ് പരാശർ ജോഷി.
