ഒരു സിക്സ് കൂടി ഷാക്കിബിന്‍റെ ഓവറില്‍ നേടിയിരുന്നെങ്കില്‍ ഓവറിലെ ആറ് പന്തും സിക്സിന് പറത്തിയ ഗാരി സോബേഴ്സിന്‍റെയും ഹെര്‍ഷെല്‍ ഗിബ്സിന്‍റെയും യുവരാജ് സിംഗിന്‍റെയും കീറോണ്‍ പൊള്ളാര്‍ഡിന്‍റയും റെക്കോര്‍ഡിനൊപ്പമെത്താന്‍ ക്രിസ്റ്റ്യന് കഴിയുമായിരുന്നു.

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കൈവിട്ടെങ്കിലും പരമ്പരയിലെ നാലാം മത്സരത്തില്‍ ആശ്വാസം ജയം നേടിയ ഓസീസിനായി ഒരോവറില്‍ അഞ്ച് സിക്സ് പറത്തി ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടന്‍ ഡാന്‍ ക്രിസ്റ്റ്യന്‍. ഷാക്കിബ് എറിഞ്ഞ ഓസീസ് ഇന്നിംഗ്സിലെ നാലാം ഓവറിലാണ് ക്രിസ്റ്റ്യന്‍ അഞ്ച് സിക്സ് നേടിയത്.ആദ്യ മൂന്ന് പന്തും സിക്സിന് പറത്തിയ ക്രിസ്റ്റ്യന് നാലാം പന്തില്‍ മാത്രമാണ് അടിതെറ്റിയത്.

Scroll to load tweet…

ഷാക്കിബിന്‍റെ ഓവറിന് മുമ്പ് മൂന്നോവറില്‍ 15-1 എന്ന നിലയില്‍ പതറിയ ഓസീസ് ക്രിസ്റ്റ്യന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ കരുത്തില്‍ നാലാം ഓവര്‍ കഴിഞ്ഞപ്പോള്‍ 45 റണ്‍സിലെത്തി. എന്നാല്‍ ഷാക്കിബിനെ അടിച്ചു പറത്തിയ ക്രിസ്റ്റ്യന് മുസ്തഫിസുറിന്‍റെ അടുത്ത ഓവറില്‍ പിഴച്ചു.

15 പന്തില്‍ 39 റണ്‍സെടുത്ത ക്രിസ്റ്റ്യനെ മുസ്തഫിസുര്‍ ബൗള്‍ഡാക്കി. ഒരു സിക്സ് കൂടി ഷാക്കിബിന്‍റെ ഓവറില്‍ നേടിയിരുന്നെങ്കില്‍ ഓവറിലെ ആറ് പന്തും സിക്സിന് പറത്തിയ ഗാരി സോബേഴ്സിന്‍റെയും ഹെര്‍ഷെല്‍ ഗിബ്സിന്‍റെയും യുവരാജ് സിംഗിന്‍റെയും കീറോണ്‍ പൊള്ളാര്‍ഡിന്‍റയും റെക്കോര്‍ഡിനൊപ്പമെത്താന്‍ ക്രിസ്റ്റ്യന് കഴിയുമായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തപ്പോള്‍ ക്രിസ്റ്റ്യന്‍റെ വമ്പനടിക്കുശേഷം തകര്‍ന്നടിഞ്ഞ ഓസീസ് 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടമാക്കിയാണ് ലക്ഷ്യത്തിലെത്തിയത്. 39 റണ്‍സെടുത്ത ക്രിസ്റ്റ്യന് പുറമെ വാലറ്റത്ത് ആഷ്ടണ്‍ ആഗര്‍(27), മിച്ചല്‍ മാര്‍ഷ് എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്.