ബംഗ്ലാദേശിലെ നാല് ഇന്നിംഗ്‌സുകളില്‍ ഓപ്പണറായി 14.25 ബാറ്റിംഗ് ശരാശരി മാത്രമാണ് രാഹുലിനുള്ളത്

മുംബൈ: ബാംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയെ നയിച്ച കെ എല്‍ രാഹുലിന്‍റെ ഫോം വലിയ വിമര്‍ശനം നേരിട്ടിരുന്നു. ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ രാഹുലിന് ഒന്നാം ചെയ്യാനായില്ല. ഇതിന് പിന്നാലെ ആരാധകര്‍ രൂക്ഷമായി രാഹുലിനെ വിമര്‍ശിക്കുമ്പോള്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. 

ബംഗ്ലാദേശിലെ നാല് ഇന്നിംഗ്‌സുകളില്‍ ഓപ്പണറായി 14.25 ബാറ്റിംഗ് ശരാശരി മാത്രമാണ് രാഹുലിനുള്ളത്. 22, 23, 10, 2 എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ സ്കോര്‍. പക്ഷേ പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരി. 2014ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രാഹുലിന്‍റെ ശരാശരി ഓപ്പണര്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്. 45 ടെസ്റ്റുകളില്‍ 34.26 ബാറ്റിംഗ് ശരാശരി മാത്രമാണ് രാഹുലിനുള്ളത്. '40ലധികം ടെസ്റ്റുകള്‍ കളിച്ച രാഹുലിന്‍റെ ശരാശരി മുപ്പതുകള്‍ മാത്രമാണ്. ഓപ്പണറായ ഒരു താരത്തില്‍ നിന്ന് ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ താരങ്ങളിലെ കുറ‌ഞ്ഞ ശരാശരിയിലൊന്നാണ് ഇത് എന്ന് നിസംശയം പറയാം' എന്നും കാര്‍ത്തിക് ക്രിക്‌ബസിനോട് പറഞ്ഞു. 

എന്നാല്‍ രാഹുലിനെ നേരത്തെ പിന്തുണച്ച് രംഗത്തെത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. 'അവന്‍ കഴിവുണ്ടെന്ന് നമ്മള്‍ക്ക് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മോശം സമയത്തിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പിന്തുണയ്ക്കുകയാണ് വേണ്ടത്' എന്നായിരുന്നു അന്ന് ഡികെയുടെ അഭിപ്രായം. ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ നാലാം ഇന്നിംഗ്‌സിലും പരാജയപ്പെട്ടതോടെ കെ എല്‍ രാഹുലിനെതിരെ പരിഹാസവുമായി ട്രോളര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. താങ്കളുടെ സേവനങ്ങള്‍ക്കെല്ലാം നന്ദിയെന്നാണ് ആരാധകര്‍ പറയുന്നത്. 

ടീം ഇന്ത്യക്കായി 45 ടെസ്റ്റുകളിലെ 78 ഇന്നിംഗ്‌സുകളില്‍ 2604 റണ്‍സാണ് കെ എല്‍ രാഹുലിന്‍റെ സമ്പാദ്യം. 199 ആണ് ഉയര്‍ന്ന സ്കോര്‍. ബാറ്റിംഗ് ശരാശരി 34.26 എങ്കില്‍ 52.07 ആണ് സ്‌ട്രൈക്ക് റേറ്റ്. ഏഴ് സെഞ്ചുറികള്‍ രാഹുലിന്‍റെ പേരിലുണ്ട്. 

ഇനിയും തുടരരുത്! താങ്കളുടെ സേവനങ്ങള്‍ക്ക് ഒരുപാട് നന്ദി! കെ എല്‍ രാഹുലിനെ പരിഹസിച്ച് ട്രോളര്‍മാര്‍