Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ സ്‌നേഹത്തില്‍ അലിഞ്ഞ് ബാബറും റിസ്‌വാനും ഷഹീനും; സന്തോഷം പങ്കുവച്ച് പാകിസ്ഥാന്‍ താരങ്ങള്‍

ഒന്‍പത് മണിക്കൂറാണ് പാക് ടീം ദുബായില്‍ ചെലവഴിച്ചത്. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിനെ കാത്ത് അര്‍ധരാത്രിയിലും നൂറു കണക്കിനാരാധകര്‍ തിങ്ങിനിറഞ്ഞു.

Babar Azam and Shaheen Afridi gratitude towards in after amazing welcome saa
Author
First Published Sep 28, 2023, 6:25 PM IST

ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിന് ഹൃദമായ സ്വീകരണമാണ് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ലഭിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ലാഹോറില്‍ നിന്ന് ദുബായിലെത്തിയ ടീം പിന്നീട് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്നു. ഒന്‍പത് മണിക്കൂറാണ് പാക് ടീം ദുബായില്‍ ചെലവഴിച്ചത്. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിനെ കാത്ത് അര്‍ധരാത്രിയിലും നൂറു കണക്കിനാരാധകര്‍ തിങ്ങിനിറഞ്ഞു.

ആരാധകര്‍ക്ക് നന്ദി പ്രകടിപ്പിച്ച് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ രംഗത്തെത്തി. ഹൈദരാബാദില്‍ കിട്ടിയ സ്വീകരണം ഹൃദ്യമായിരുന്നുവെന്ന് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. ഇന്ത്യയില്‍ നന്ന് ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഏറെ സന്തോഷിക്കുന്നുവെന്ന് ബാബര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലും കുറിച്ചിട്ടു. റിസ്‌വാന്റെ പ്രതിരണം ഇങ്ങനെയായിരുന്നു. ''അതിശയകരമായ സ്വീകരണമാണ് ഹൈദരാബാദില്‍ നിന്ന് ലഭിച്ചത്. എല്ലാം സൂപ്പര്‍ സ്മൂത്ത് ആയിരുന്നു. അടുത്ത ഒന്നര മാസങ്ങള്‍ക്കായി കാത്തിരിക്കുന്നു,'' റിസ്‌വാന്‍ എക്സില്‍ പോസ്റ്റിട്ടു. ഷഹീനും ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചു.

പരിക്കേറ്റ നസീം ഷാ ഇല്ലാതെയാണ് ബാബര്‍ അസമും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്. മുഹമ്മദ് നവാസും സല്‍മാന്‍ അലി ആഘയും ഒഴികെ ടീമിലെ ആരും ഇതിന് മുന്‍പ് ഇന്ത്യയില്‍ കളിച്ചിട്ടില്ല. ഇത് ടീമിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവില്ലെന്ന് ബാബര്‍ അസം പറഞ്ഞു. നാളെ ന്യുസീലന്‍ഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ സന്നാഹമത്സരം. സുരക്ഷ മുന്‍ നിര്‍ത്തി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഒക്ടബോര്‍ മൂന്നിന് ഓസ്‌ട്രേലിയയുമായും പരിശീലന മത്സരം കളിക്കും. 

എല്ലാം സെറ്റാണ്, ആശങ്കയൊന്നും വേണ്ട! ലോകകപ്പ് ഉയര്‍ത്താനുള്ള യാത്രയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ദ്രാവിഡ്

ആറിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഒക്ടോബര്‍ പതിനാലിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

Follow Us:
Download App:
  • android
  • ios