വേഗത്തില്‍ 15 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന താരമായിരിക്കുകയാണ് ബാബര്‍. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli), മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല (Hashim Amla) എന്നിവരേയെല്ലാം ബാബര്‍ മറികടന്നു.
ലാഹോര്‍: ഓസ്‌ട്രേലിയക്കെതിരെ (PAK vs AUS) രണ്ടാം ഏകദിനത്തില്‍ ത്രസിപ്പിക്കുന്ന ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരുവരും ഒപ്പമെത്തി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam), ഇമാം ഉള്‍ ഹഖ് എന്നിവരുടെ സെഞ്ചുറിയാണ് ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പാകിസ്താന് വിജയം സമ്മാനിച്ചത്.
83 പന്തില്‍ 114 റണ്‍സാണ് ബാബര്‍ നേടിയത്. താരത്തിന്റെ പതിനഞ്ചാം ഏകദിന സെഞ്ചുറിയായിരുന്ന ഇത്. 86-ാം ഇന്നിംഗ്‌സിലാണ് താരം 15-ാം സെഞ്ചുറി നേടുന്നത്. ഇതോടെ ബാബര്‍ ഒരു റെക്കോര്‍ഡും സ്വന്തം പേരില്‍ ചേര്‍ത്തു. വേഗത്തില്‍ 15 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന താരമായിരിക്കുകയാണ് ബാബര്‍. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli), മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല (Hashim Amla) എന്നിവരേയെല്ലാം ബാബര്‍ മറികടന്നു.
ആംല രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 86 ഇന്നിംഗ്‌സില്‍ നിന്നാണ് ആംല ഇത്രയും സെഞ്ചുറി നേടിയത്. അതേസമയം കോലിക്ക് 106 ഇന്നിംഗ്‌സ് വേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നാലാമതായി. 108 ഇന്നിംഗ്‌സ് കളിച്ചാണ് വാര്‍ണര്‍ 15 സെഞ്ചുറി നേടിയത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും വാര്‍ണര്‍ക്കൊപ്പമാണ്.
ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ 10 തോല്‍വികള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കുന്നത്. മാത്രമല്ല, സ്‌കോര്‍ പിന്തുടര്‍ന്നതിലും പാകിസ്ഥാന്‍ റെക്കോര്‍ഡിട്ടു. പാകിസ്ഥാന്റെ ഏറ്റവും വലിയ റണ്‍ചേസാണിത്.
