19 പന്തില്‍ 24 റണ്‍സെടുത്ത ഫര്‍ഹാനെ പുറത്താക്കിയ ലിസാര്‍ഡ് വില്യംസ് കൂട്ടുകെട്ട് പൊളിച്ചതോടെ പാകിസ്ഥാന്‍റെ തകര്‍ച്ച തുടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ബാബര്‍ അസം രണ്ട് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങി. കോര്‍ബിന്‍ ബോഷ് ആണ് ബാബറിനെ മടക്കിയത്.

റാവല്‍പിണ്ടി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 55 റൺസിന്‍റെ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ മുന്നിലെത്തി. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സിന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 18. ഓവറില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 194-9, പാകിസ്ഥാന്‍ 18.1 ഓവറില്‍ 139ന് ഓള്‍ ഔട്ട്.

10 മാസത്തെ ഇടവേളക്കുശേഷം ടി20 ടീമില്‍ തിരിച്ചെത്തിയ മുന്‍ നായകന്‍ ബാബര്‍ അസം ആയിരുന്നു പാകിസ്ഥാന്‍ നിരയിലെ ശ്രദ്ധാ കേന്ദ്രം. 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന് ഓപ്പണര്‍മാരായ സയ്യിം അയൂബും ഷാഹിബ്സാദ ഫര്‍ഹാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 31 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടു. 19 പന്തില്‍ 24 റണ്‍സെടുത്ത ഫര്‍ഹാനെ പുറത്താക്കിയ ലിസാര്‍ഡ് വില്യംസ് കൂട്ടുകെട്ട് പൊളിച്ചതോടെ പാകിസ്ഥാന്‍റെ തകര്‍ച്ച തുടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ബാബര്‍ അസം രണ്ട് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങി. കോര്‍ബിന്‍ ബോഷ് ആണ് ബാബറിനെ മടക്കിയത്.

പിന്നാലെ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗയെ(2)യും ബോഷ് തന്നെ പുറത്താക്കി.സയ്യിം അയൂബ്(28 പന്തില്‍ 37) പൊരുതിയതോടെ പാകിസ്ഥാന്‍ 10.2 ഓവറില്‍ 82 റണ്‍സിലെത്തി. എന്നാല്‍ അയൂബിനെ ജോർജ് ലിന്‍ഡെ മടക്കി. ഹസന്‍ നവാസ്(3), ഉസ്മാന്‍ ഖാന്‍(12), ഫഹീം അഷ്റഫ്(1), ഷഹീന്‍ അഫ്രീദി(4) എന്നിവര്‍ പൊരുതാതെ മടങ്ങിയപ്പോള്‍ മുഹമ്മദ് നവാസിന്‍റെ(36) പാകിസ്ഥാന്‍റെ തോല്‍വിഭാരം കുറച്ചു. ദക്ഷിണാഫ്രിക്കക്കായി കോര്‍ബിന്‍ ബോഷ് നാലും ജോർജ് ലിന്‍ഡെ മൂന്നും ലിസാര്‍ഡ് വില്യംസ് 2 വിക്കറ്റുമെടുത്തു.

Scroll to load tweet…

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്കായി റീസ ഹെന്‍ഡ്രിക്സ് 40 പന്തില്‍ 60 റണ്‍സടിച്ചപ്പോള്‍ ക്വിന്‍റണ്‍ ഡി കോക്ക്(23), ടോണി ഡി സോര്‍സി(33), ജോര്‍ജ് ലിന്‍ഡെ(36) എന്നിവര്‍ പൊരുതിയതോടെയാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് 26 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സയ്യിം അയൂബ് 2 വിക്കറ്റെടുത്തു.