ഇതുവരെ 22 ടി20 മത്സരങ്ങള്‍ക്ക് വേദിയായ കാന്‍ബയില്‍ അവസാനം നടന്ന അഞ്ച് ടി20 മത്സരങ്ങളില്‍ 155.5 റണ്‍സാണ് ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍.എന്നാല്‍ ബിഗ് ബാഷ് ലീഗില്‍ ശരാശരി സ്കോര്‍ 180 ആയിരുന്നു.

കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20യ്ക് ഓസ്ട്രേലിയയിലെ കാന്‍ബറയാണ് വേദിയാകുന്നത്.ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയില്‍ ലോക ചാമ്പ്യൻമാരായ ഇന്ത്യ അതിന് പകരം ചോദിക്കാന്‍ കൂടിയാണ് ടി20 പരമ്പരക്കിറങ്ങുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പരമ്പര നിര്‍ണായകമാണ്. പരമ്പര കൈവിട്ടാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ നായകസ്ഥാനവും തുലാസിലാവും.

ടോസ് നിര്‍ണായകമാകില്ല

ഇതുവരെ 22 ടി20 മത്സരങ്ങള്‍ക്ക് വേദിയായ കാന്‍ബയില്‍ അവസാനം നടന്ന അഞ്ച് ടി20 മത്സരങ്ങളില്‍ 155.5 റണ്‍സാണ് ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍.എന്നാല്‍ ബിഗ് ബാഷ് ലീഗില്‍ ശരാശരി സ്കോര്‍ 180 ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നേടിയ 195 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് കാന്‍ബറയിലേത്. മികച്ച ബാറ്റിംഗ് വിക്കറ്റായിട്ടാണ് മാനുക ഓവലിലെ പിച്ച് അറിയപ്പെടുന്നത്.മനൗക ഓവലില്‍ ഇന്ത്യ നാലു മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതില്‍ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യക്കുള്ളത്. ഈ വേദിയില്‍ കളിച്ച ഒരേയൊരു ടി20 മത്സരത്തില്‍ ജയിക്കു കയറാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും. ആകെ നടന്ന 22 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 10 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ചേസ് ചെയ്ത ടീം 9 കളികളില്‍ ജയിച്ചു.

Scroll to load tweet…

മത്സരം ഇന്ത്യന്‍ സമയം എപ്പോള്‍

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് മണിക്ക് കാന്‍ബറയിലെ മാനുക ഓവലിലാണ് മത്സരം.

ഇന്ത്യയില്‍ കാണാനുള്ള വഴികള്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും.

സാധ്യതാ ഇലവന്‍

ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ തിലക് വര്‍മയുമാകും ക്രീസിലെത്തുക. അഞ്ചാം നമ്പറിലായിരിക്കും സഞ്ജു കളിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഫിനിഷറുടെ റോളില്‍ സഞ്ജുവിന് അധിക ഉത്തരവാദിത്തമുണ്ട്. ശിവം ദുബെ ആയിരിക്കും ആറാം നമ്പറില്‍ ഫിനിഷറായി ഇറങ്ങുക. ഹാര്‍ദ്ദിക്കിനെ പോലെ നിര്‍ണായക ഓവറുകള്‍ എറിയേണ്ട ഉത്തരവാദിത്തവും ശിവം ദുബെക്കുണ്ടാകും. ശിവം ദുബെക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയെയും പേസ് ഔള്‍ റൗണ്ടറായി പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചേക്കും.

ഏഴാമനായി അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. അക്‌സര്‍ ടീമിലുള്ളതിനാല്‍ വരുണ്‍ ചക്രവര്‍ത്തി-കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കൂ എന്നാണ് കരുതുന്നത്. കാന്‍ബറയില്‍ സ്പിന്നര്‍മാർക്കും പിന്തുണ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗുമാകും മറ്റ് രണ്ട് പേസര്‍മാര്‍.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.